കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വർഷവും പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിച്ച, ബോക്സ്ഓഫീസിൽ ചരിത്രനേട്ടം കുറിച്ച ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ കാനഡയിലും വിജയകരമായി പ്രദർശനം തുടരുന്നു. 2 കേരള എന്റർടൈൻമെന്റ് നെറ്റ്‌വർക്ക് കാനഡ, രാജ്യത്തുടനീളമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ച ചിത്രം ഇപ്പോൾ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
റിലീസ് ചെയ്ത് 10 ദിനങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയ താരങ്ങൾ ചിത്രത്തിലെത്തിയിരുന്നു. മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.