വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ബുധനാഴ്ചയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ചെക്ക്പോസ്റ്റിനു നേരെയുണ്ടായ സ്ഫോടനത്തില്‍ രണ്ടു സൈനികരും ഒരു പൊലീസുകാരനും ഒരു സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസിറിസ്ഥാനിലാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് പരുക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥന്‍ റഹ്മത്ത് ഖാന്‍ പറഞ്ഞു. ഈ പ്രദേശം ‘പാക്കിസ്ഥാനി താലിബാന്‍’ ഗ്രൂപ്പിന്റെ (തെഹ്രിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ – ടിടിപി) മുന്‍ ശക്തികേന്ദ്രമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഹംഗുവിലെ എണ്ണ-വാതക പ്ലാന്റില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനി താലിബാന്‍ ഏറ്റെടുത്തിരുന്നു.