കാനഡയിലും യുഎസിലും ഉടനീളം ഉപയോഗിക്കാവുന്ന 40 ജിഗാബൈറ്റ് ഡാറ്റയും പരിധിയില്ലാത്ത കോളുകളും ടെക്‌സ്റ്റുകളും ഉൾപ്പെടുന്ന 50 ഡോളർ പ്രതിമാസ പ്ലാൻ അവതരിപ്പിച്ച് ഫ്രീഡം മൊബൈൽ. ക്യൂബെകോറിന്റെ വീഡിയോട്രോൺ ഏറ്റെടുത്തതിനെത്തുടർന്നാണ് പുതിയ പ്ലാൻ ഫ്രീഡം മൊബൈൽ അവതരിപ്പിച്ചിരിക്കുന്നത്.
5G സാങ്കേതികവിദ്യയും തടസ്സമില്ലാത്ത റോമിംഗും നടപ്പിലാക്കുന്നതിനായി വയർലെസ് നെറ്റ്‌വർക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
വീഡിയോട്രോൺ അതിന്റെ എതിരാളികളേക്കാൾ 20 ശതമാനമെങ്കിലും കുറവുള്ള പ്ലാനുകൾ നൽകണമെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫ്രീഡം മൊബൈലിന്റെ നെറ്റ്‌വർക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് 150 മില്യൺ ഡോളർ ചെലവഴിക്കണമെന്നും റോജേഴ്‌സ്-ഷോ ലയനത്തിന്റെ ഭാഗമായി മാർച്ചിൽ വ്യവസായ മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ നിർദ്ദേശിച്ചിരുന്നു.

റോജേഴ്‌സ്-ഷോ ലയനത്തിനുള്ള അംഗീകാരം ഫ്രീഡം മൊബൈലിനെ ശക്തമായ നാലാമത്തെ ദേശീയ കാരിയറായി മാറ്റുമെന്ന് ഷാംപെയ്ൻ പറഞ്ഞു. കൂടാതെ ലയനത്തിലൂടെ വിപണിയിലെ മത്സരം കുറയ്ക്കുന്നതിനും വിലക്കുറവിനും കാരണമാകും. റോജേഴ്‌സ്, ബെൽ കാനഡ, ടെലസ് കോർപ്പറേഷൻ എന്നിവയ്‌ക്കൊപ്പം ഫ്രീഡം ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ ഇത് നടപ്പിലാകും.
ഈ മാസം ആദ്യം, റോജേഴ്‌സ് അതിന്റെ ഏറ്റവും ജനപ്രിയമായ പ്ലാനിൽ ഒരു ജിഗാബൈറ്റ് ഡാറ്റയുടെ റേറ്റ് 50 ശതമാനം കുറച്ചിരുന്നു. ഇതോടെ ഉപഭോക്താക്കൾക്ക് പ്രതിമാസം 85 ഡോളർ എന്ന നിരക്കിൽ 50 ജിഗാബൈറ്റ് ഡാറ്റ ആക്‌സസ് ചെയ്യാൻ സാധിക്കും. ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, മറ്റ് പ്രവിശ്യകൾ എന്നിവിടങ്ങളിലെ റോജേഴ്‌സ്, ഷാ ഉപഭോക്താക്കൾക്കായി പുതിയ ബണ്ടിൽഡ് ഓപ്ഷനുകളും കമ്പനി പ്രഖ്യാപിച്ചു.