രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജ് കൂടി അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ 702 മെഡിക്കല്‍ കോളജുകളും മൊത്തം എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,07,658 കവിഞ്ഞു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) അംഗീകാരത്തോടെ ഈ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തനമാരംഭിക്കും. അതെസമയം കേരളത്തിന് ഒരു മെഡിക്കല്‍ കോളജ് പോലും കേന്ദ്രം അനുവദിച്ചിട്ടില്ല.
വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് പരിഗണിച്ചിട്ടില്ല. കേരളത്തെ പൂര്‍ണമായും അവഗണിച്ചതായി ആരോപണം ഉയരുന്നുണ്ട്.
തെലങ്കാന, രാജസ്ഥാന്‍, തമിഴ്നാട്, ഒഡീഷ, നാഗാലാന്‍ഡ്, മഹാരാഷ്ട്ര, അസം, കര്‍ണാടക, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലായി 50 മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്നാട്ടിലും കര്‍ണാടകയിലും മൂന്നു വീതം മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തിന് ഒന്നു പോലും നല്‍കിയില്ല. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് തെലുങ്കാനയ്ക്കാണ്. 12 മെഡിക്കല്‍ കോളേജുകളാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്.