ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ 90 റൺസിന്റെ കൂറ്റൻ വിജയവുമായി പരമ്പര നേട്ടത്തോടൊപ്പം ഏകദിന റാങ്കിൽ ഒന്നാം സ്ഥാനം കൂടി കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണ് ഇന്ത്യ.
യുവതാരം ശുഭ്മാൻ ഗില്ലിന്റെയും രോഹിത് ശർമ്മയുടെയും സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. എന്നാൽ ഇന്ത്യ ഉയർത്തിയ 386 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് 285 റൺസെടുക്കുമ്പോഴേക്കും മുഴുവൻ താരങ്ങളും പുറത്തായി. സെഞ്ചറി നേടിയ ഓപ്പണർ ഡെവോൺ കോൺവെ (100 പന്തിൽ 138), ഹെൻറി നിക്കോള്‍സ് (40 പന്തിൽ 42), മിച്ചൽ സാന്റ്നർ (29 പന്തിൽ 34) എന്നിവർ പൊരുതിയെങ്കിലും ഇന്ത്യ ഉയർത്തിയ വമ്പൻ സ്കോർ മറികടക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും ശാര്‍ദൂല്‍ ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമ്രാന്‍ മാലിക്കും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വിക്കറ്റും നേടി.

ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 212 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ചുറിയും ടീമിന് മുതൽ കൂട്ടായി. വിരാട് കോഹ്‌ലി 27 പന്തിൽ 36 റൺസ് നേടി. സൂര്യകുമാർ യാദവ് 14ഉം, ഇഷാൻ കിഷൻ 17ഉം റൺസെടുത്ത് പുറത്തായി.

അതേസമയം, ഏകദിന ക്രിക്കറ്റിലെ ഗില്ലിന്റെ നാലാം സെഞ്ചുറിയാണ് ഇന്ന് പിറന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ ഗിൽ മികവ് ആവർത്തിച്ചതോടെ ഇന്ത്യയുടെ ഓപ്പണിങ്ങിലെ ആശങ്കയ്ക്ക് ഏറെക്കുറെ പരിഹാരമായി. രോഹിത് ശർമ്മയാവട്ടെ ഏകദിന കരിയറിലെ മുപ്പതാം സെഞ്ചുറി നേടി റിക്കി പോണ്ടിങ്ങിന് ഒപ്പമെത്തി.