ഇന്നലെ വൈകുന്നേരം മോൺട്രിയലിലെ സെന്റ് ലോറന്റ് ബറോയിൽ ഉണ്ടായ തീപിടിത്തത്തിൽ ഇൻഡസ്ട്രിയൽ ബിൽഡിങ് കത്തി നശിച്ചതായി സർവീസ് ഡി സെക്യൂരിറ്റി ഇൻസെൻഡി ഡി മോൺട്രിയൽ വക്താവ് അറിയിച്ചു. ഹെൽത്ത് കെയർ ആവിശ്യങ്ങൾക്കായി മുഖംമൂടികളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വൈകുന്നേരം 5:30 ഓടെ ഹൈവേ 13 ന് സമീപമുള്ള പിറ്റ്ഫീൽഡ് ബൊളിവാർഡിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ 100-ലധികം അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി മോൺട്രിയൽ ഫയർഫോഴ്‌സ് അറിയിച്ചു. ഫയർഫോഴ്‌സ് എത്തിയപ്പോൾ ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് തീ ആളിപ്പടരുന്നത് കാണാമായിരുന്നു.
തീപിടിത്തത്തെ പ്രതിരോധിക്കുന്നതിനിടെ ഒരു അഗ്നിശമന സേനാംഗത്തിന് നിസ്സാര പരിക്കേറ്റതായി പാരാമെഡിക്കുകൾ അറിയിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മോൺട്രിയൽ ഫയർഫോഴ്‌സ് അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സർവീസ് ഡി സെക്യൂരിറ്റി ഇൻസെൻഡി ഡി മോൺട്രിയൽ വക്താവ് അറിയിച്ചു.