നയാഗ്ര : സെന്റ് കാതറിൻസ് ഓട്ടോമോട്ടീവ് ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10:20ഓടെ 570 ഗ്ലെൻഡേൽ അവനുവിലെ ജനറൽ മോട്ടോഴ്സ് ഓഫ് കാനഡയുടെ പ്രൊപ്പൽഷൻ പ്ലാന്റിലാണ് അപകടം നടന്നതെന്ന് നയാഗ്ര റീജിയണൽ പോലീസ് സർവ്വീസ് അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ 50 വയസ്സുള്ള ഒരു ജീവനക്കാരനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. തുടർന്ന് ജീവനക്കാരനെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നയാഗ്ര ഇഎംഎസ് പാരാമെഡിക്കുകൾ വ്യക്തമാക്കി.

അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൃത്യമായ വിവരം തൊഴിൽ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പ്രാദേശിക പ്ലാന്റിലെ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയെക്കുറിച്ച് വിവരം ലഭിച്ചതായി ജനറൽ മോട്ടോഴ്സ് ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും സമഗ്രമായ അന്വേഷണം പൂർത്തിയാക്കാൻ തൊഴിൽ മന്ത്രാലയവുമായി പൂർണ്ണമായും സഹകരിക്കുമെന്നും,” കമ്പനി പറഞ്ഞു.