ഒന്റാരിയോയിലുടനീളമുള്ള കുട്ടികളുടെ ആശുപത്രികളിൽ ശസ്ത്രക്രിയകൾക്കായി ഏകദേശം 12-000 കുട്ടികൾ വെയിറ്റ് ലിസ്റ്റിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രശ്‌നപരിഹാരത്തിന് പ്രവിശ്യയുടെ സഹായം ആവശ്യമാണെന്ന് പീഡിയാട്രിക് ഹോസ്പിറ്റൽ ഉദ്യോഗസ്ഥർ പറയുന്നു.
ഇൻഫ്ലുവൻസ, ആർഎസ്‌വി എന്നീ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ടൊറന്റോയിലെ സിക്ക് കിഡ്സ് ഹോസ്പിറ്റൽ, ഹാമിൽട്ടണിലെ മക്‌മാസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റൽ, ലണ്ടൻ ഹെൽത്ത് സയൻസസ് സെന്ററിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ, ഒട്ടാവയിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഈസ്റ്റേൺ ഒൻ്റാരിയോ എന്നിവയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളായ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരുന്നു. ഇതേ തുടർന്ന് ശസ്ത്രക്രിയകൾ റദ്ദാക്കുകയും അത്യാഹിത വിഭാഗങ്ങളെയും തീവ്രപരിചരണ വിഭാഗങ്ങളെയും സഹായിക്കാൻ ജീവനക്കാരെ പുനർവിന്യസിക്കുകയും ചെയ്തു. ഈ സമയത്ത് ശസ്ത്രക്രിയാ കാത്തിരിപ്പ് സമയം വർദ്ധിച്ചുകൊണ്ടിരുന്നു.
ലിസ്റ്റിലുള്ള 11,789 കുട്ടികളിൽ പകുതിയോളം പേരും ക്ലിനിക്കൽ ശുപാർശ ചെയ്യുന്ന സമയത്തിനപ്പുറം കാത്തിരിക്കുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇപ്പോൾ ആശുപത്രികൾ വെയ്റ്റ് ലിസ്റ്റ് പരിഹരിക്കുന്നതിനും ശസ്ത്രക്രിയകൾ വേഗത്തിലാക്കുന്നതിനും അത്യാഹിത വിഭാഗങ്ങൾ വിപുലീകരിക്കുന്നതിനും പ്രവിശ്യയിൽ നിന്ന് കൂടുതൽ ദീർഘകാല സഹായം തേടുകയാണ്.