പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിസ അപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യുന്നത് നിർത്താൻ നിർദ്ദേശം നൽകി ഓസ്‌ട്രേലിയൻ അധികൃതർ. ചില സർവ്വകലാശാലകളും വൊക്കേഷനൽ കോഴ്‌സ് പ്രൊവൈഡർമാരും ഈ രണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളുടെ
വിസ അപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യുന്നത് നിർത്താൻ അവരുടെ ഏജന്റുമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ടൈംസ് ഹയർ എഡ്യൂക്കേഷൻ അറിയിച്ചു.
പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള “ഗുണനിലവാരം കുറഞ്ഞ ആപ്ലിക്കേഷനുകൾ” വർദ്ധിക്കുന്നത് സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്‌സ് (ഡിഎച്ച്എ) ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ, ഇന്റർനാഷനൽ എഡ്യൂക്കേഷൻ ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ബിരുദധാരികൾക് രാജ്യത്ത് അംഗീകാരം നൽകുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, വ്യാജ “അഡ്മിഷൻ ഓഫർ ലെറ്റർ” സമർപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 700 ലധികം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനേഡിയൻ അതോറിറ്റി ഡീപോര്‍റ്റേഷന്‍ നോട്ടീസ് നൽകിയിരുന്നു. മൈഗ്രേഷൻ ഏജന്റ് ബ്രിജേഷ് മിശ്ര എന്നയാളുടെ ജലന്ധറില്‍ ഉള്ള എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ്
നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രവേശന ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതായി കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസി (സിബിഎസ്എ) വ്യക്തമാക്കിയതോടെയാണ് വിഷയം പുറത്തായത്.
മൂന്ന് വർഷം മുമ്പാണ് വിദ്യാർഥികൾ രാജ്യത്ത് സ്റ്റുഡന്റ് വിസയിൽ എത്തിയത്. വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കുകയും പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റിൽ (PGWP) കനേഡിയൻ തൊഴിൽ പരിചയം നേടുകയും ചെയ്തു. സ്ഥിരതാമസത്തിന് (പിആർ) അപേക്ഷ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയുടെ പരിശോധനയിൽ കനേഡിയൻ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നുള്ള അഡ്‌മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് വിദ്യാർത്ഥികൾക്ക് ഡീപോര്‍റ്റേഷന്‍ നോട്ടീസ് ലഭിച്ചു.
ഈ വിഷയത്തിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഫ്രണ്ട്സ് ഓഫ് കാനഡ & ഇന്ത്യ ഫൗണ്ടേഷൻ രംഗത്തെത്തി. വിദ്യാർത്ഥികളെ നാടുകടത്താനുള്ള നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓഫ് കാനഡ & ഇന്ത്യ ഫൗണ്ടേഷൻ ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസറിന് കത്തയച്ചു.