പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ ബിബിസി ഡോക്യുമെന്ററിയില്‍ പ്രതികരണവുമായി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസാണ് പ്രതികരണവുമായി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അതേസമയം ഇന്ത്യയും യഎസും സംയുക്തമായി നടപ്പിലാക്കുന്ന മൂല്യങ്ങളെ കുറിച്ച് തനിക്ക് വളരെ പരിചിതമാണെന്നും നെഡ് പ്രൈസ് പറഞ്ഞു. ഡോക്യുമെന്ററി വിവാദമായതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രൈസ്.
ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ ലിങ്കുകള്‍ ഷെയര്‍ ചെയ്ത് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ജെഎന്‍യു സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രദര്‍ശനം വിലക്കി സര്‍വകലാശാല സര്‍ക്കുലര്‍ ഇറക്കി. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകര്‍ക്കരുത്. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് സര്‍വകലാശാലാ മുന്നറിയിപ്പ്.
ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. വംശഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ രണ്ടാം ഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ആണ് രണ്ടാം ബിബിസി പുറത്തിറക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തുകയും യൂട്യൂബിലും ട്വിറ്ററില്‍ നിന്നും ലിങ്കുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടാം ഭാഗവുമായി ബിബിസി വരുന്നത്.
ഡോക്യുമെന്ററി രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന്റെ സത്യം പുറത്ത് വരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോഴും ഭയമാണ്. യാഥാര്‍ത്ഥ്യം ലോകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നുവെന്നതില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദവിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു. വിശദമായ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉള്‍പ്പെടുത്തിയിരുന്നുവെന്നും ബിബിസി അറിയിച്ചിരുന്നു.