ഓട്ടവ : കാനഡയിൽ ഭവന നിർമ്മാണ ചെലവ് 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ.
ജൂലൈയിൽ 5.1 ശതമാനം വർധിച്ചതിന് ശേഷം ഓഗസ്റ്റിൽ ഭവന നിർമ്മാണച്ചെലവ് വർഷം തോറും ആറ് ശതമാനം ഉയർന്നു. ജൂലൈയിലെ 5.5 ശതമാനം വർധനയ്ക്ക് ശേഷം ദേശീയതലത്തിൽ വർഷം തോറും 6.5 ശതമാനം ഉയർന്ന വാടകയാണ് ഈ വർധനയ്ക്ക് കാരണമെന്നും ഫെഡറൽ ഏജൻസി പറയുന്നു.

1990-കളുടെ തുടക്കം മുതൽ കുറഞ്ഞത് 30 വർഷത്തിനിടയിൽ രാജ്യം കണ്ട ഏറ്റവും ഉയർന്ന വാടക വർധനയാണിതെന്ന് കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ഡേവിഡ് മക്ഡൊണാൾഡ് പറയുന്നു. ഓഗസ്റ്റിൽ, കാനഡയുടെ ദേശീയ ശരാശരി വാടക വില 2,117 ഡോളർ ആയി. ജൂലൈയിൽ നിന്ന് പ്രതിമാസ വർധന 1.8 ശതമാനവും പ്രതിവർഷം 9.8 ശതമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഉയരുന്ന പലിശനിരക്കാണ് വാടക നിരക്ക് വർധനവിലെ പ്രധാന കാരണം. കൂടാതെ ജനസംഖ്യാ വളർച്ചയും ഒരു ഘടകമാണെന്ന് Rentals.ca-യിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നു. കനേഡിയൻ ജനത ചെലവ് കുറഞ്ഞ വീടുകൾ ലഭിക്കാതെ വരുമ്പോൾ വാടകവീടുകളെ ആശ്രയിക്കുന്നു. ഇത് കാനഡയിലുടനീളമുള്ള വാടകനിരക്കിൽ വർധനയ്ക്ക് കാരണമായി മാറുന്നു.

ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നതിനുള്ള ചെലവ് വർധിക്കുന്നതും വാടകവീടുകളുടെ നിരക്ക് വർധനവിന് പ്രധാന കാരണമായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൂണ്ടിക്കാണിക്കുന്നു. ജൂലൈയിലെ 30.6 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഓഗസ്റ്റിൽ ഇത് 30.9 ശതമാനമാതായി ഫെഡറൽ ഏജൻസി പറഞ്ഞു.