വിനിപെഗ് : തണ്ടർബേയിലെ ട്രക്ക് അപകടത്തിൽ മലയാളി മരിച്ച സംഭവത്തിലെ ഞെട്ടലിൽ കനേഡിയൻ മലയാളികൾ. കോട്ടയം കൂടല്ലൂർ സ്വദേശി ആൽബർട്ട് ഐസക് (32) ആണ് മരിച്ചത്. സഹഡ്രൈവറും അപകടത്തിൽ മരിച്ചു.
അപകടവാർത്ത പ്രസിദ്ധീകരിച്ച ശേഷം ആൽബർട്ടിന്റെ സുഹൃത്തുക്കളും അയൽവാസികളും ബന്ധുക്കളും അടക്കം നിരവധി ആൾക്കാരാണ് അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി എം സി ന്യൂസുമായി ബന്ധപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. നോവാ സ്കോഷയിൽ നിന്ന് വിനിപെഗ് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിലാണ് വെസ്റ്റ് ബൗണ്ടിൽ നിന്നും വന്ന മറ്റൊരു ട്രക്ക് ഇടിച്ചത്. നോർത്ത് ബേ മുതൽ ഹൈവേ 11 ഒറ്റവരി പാത ആയതു കൊണ്ട് നേർക്ക് നേർ ഉള്ള ഇടിയായത് കൊണ്ട് അപകടത്തിൻ്റെ തീവ്രത വർദ്ധിപ്പിച്ചു. കൂട്ടിയിടിയെ തുടർന്ന് ട്രക്ക് പൂർണ്ണമായി കത്തി നശിച്ചു.
വള്ളോപ്രായിൽ വി. എ ഐസക്കിൻ്റെയും കൊഴുവനാൽ വടക്കേൽ കുടുംബാംഗം ആയ ലൗലിയുടെയും മകനാണ് മരിച്ച ആൽബർട്ട്. ഭാര്യയ്ക്കും രണ്ടു വയസ്സുള്ള കുട്ടിക്കുമൊപ്പം വിനിപെഗിലാണ് കൊല്ലപ്പെട്ട ആൽബർട്ട് താമസിക്കുന്നത്.
ആൽബർട്ടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും വേണ്ട സഹായം ലഭ്യമാക്കുമെന്നും മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡ (MTAC) ഭാരവാഹികൾ അറിയിച്ചു.
അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.