ടൊറൻ്റോ : ചൊവ്വാഴ്‌ച രാവിലെ ക്വീൻ എലിസബത്ത് വേ (QEW)യിൽ ഉണ്ടായ രണ്ട് വാഹനാപകടങ്ങളെ തുടർന്ന് ബർലിംഗ്ടൺ സ്കൈവേയുടെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം നിരോധിച്ചതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു.
രാവിലെ പത്തു മണിയോടെ ക്വീൻ എലിസബത്ത് വേയുടെ ടൊറൻ്റോയിലേക്ക് പോകുന്ന ഭാഗത്താണ് ആദ്യ അപകടം റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ, ഫോർട്ട് എറിയിലേക്ക് പോകുന്ന ഭാഗത്ത് നിക്കോള ടെസ്‌ല ബൊളിവാർഡിനും ഈസ്റ്റ്‌പോർട്ട് ഡ്രൈവിനും സമീപം രണ്ടാമത്തെ അപകടം നടന്നതായി പോലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ ട്രെയിലർ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് തീപിടിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു.

തീ അണച്ചതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു. രണ്ടു അപകടങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ക്വീൻ എലിസബത്ത് വേയിൽ നിന്നും നയാഗ്രയിലേക്കുള്ള വാഹനഗതാഗതം വുഡ്വാർഡ് അവന്യൂവിൽ നിന്ന് ഒറ്റവരിപ്പാതയായി ചുരുക്കിയിട്ടുണ്ട്. ടൊറൻ്റോയിലേക്കുള്ള ഗതാഗതം നിക്കോള ടെസ്‌ല ബൊളിവാർഡിൽ നിന്നും തടഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പ്രദേശത്ത് കനത്ത കാലതാമസം പ്രതീക്ഷിക്കുന്നതിനാൽ ഡ്രൈവർമാർ മറ്റു വഴികൾ തിരഞ്ഞെടുക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.