ബീജിംഗ് : ക്യുബക്കിൽ ചൈന രഹസ്യമായി രണ്ട് വിദേശ പോലീസ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന കാനഡയുടെ ആരോപണത്തെ എതിർത്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ്. കാനഡ “കാര്യം സെൻസേഷണലൈസ് ചെയ്യുന്നതും ഹൈപ്പു ചെയ്യുന്നതും അവസാനിപ്പിക്കണമെന്ന് മാവോ നിംഗ് ആവിശ്യം ഉന്നയിച്ചു. കൂടാതെ ചൈനയ്‌ക്കെതിരായ ആക്രമണങ്ങളും അപകീർത്തികരമായ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്നും മാവോ നിംഗ് ആവശ്യപ്പെട്ടു. “ചൈന അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കുകയും എല്ലാ രാജ്യങ്ങളുടെയും ജുഡീഷ്യൽ പരമാധികാരത്തെ മാനിക്കുകയും ചെയ്യുന്നെന്നും,” മാവോ കൂട്ടിച്ചേർത്തു.
എന്നാൽ, പോലീസ് സ്റ്റേഷനുകളുടെ നിജസ്ഥിതിയെക്കുറിച്ചോ ചൈനീസ് സർക്കാർ അധികാരികൾ പ്രവർത്തിപ്പിക്കുന്നതാണോ എന്നതിനെക്കുറിച്ചോ വക്താവ് പ്രതികരിച്ചില്ല.
രാജ്യത്തെ ചൈനീസ് പോലീസ് സ്റ്റേഷനുകളുടെ സാന്നിധ്യം “വളരെയധികം ആശങ്കപ്പെടുത്തുന്നു” എന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. “രാജ്യത്തുടനീളമുള്ള ചൈനീസ് പോലീസ് സ്റ്റേഷനുകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ആർസിഎംപിയ്‌ക്കൊപ്പം രഹസ്യാന്വേഷണ സർവ്വീസ് ഗൗരവമായി ഇതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും,” ട്രൂഡോ അറിയിച്ചു.
ഫെഡറൽ തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ ഒരു ചൈനീസ് രാഷ്ട്രീയ പ്രവർത്തകന്റെ നയതന്ത്ര വിസ അഭ്യർത്ഥന നിരസിച്ചതായി ഇന്നലെ വിദേശകാര്യ മന്ത്രി മെലാനി ജോളി വ്യക്തമാക്കിയിരുന്നു. വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിനു കാരണമെന്നും മെലാനി ജോളി പറയുന്നു.
ചൈനീസ് വംശജരായ കനേഡിയൻമാർ സ്റ്റേഷനുകൾ നടത്തുന്ന പ്രവർത്തനങ്ങളുടെ ഇരകളാണെന്നും പ്രവാസി സമൂഹങ്ങളെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ അല്ലെങ്കിൽ ടാർഗെറ്റു ചെയ്യൽ എന്നിവ തടയുമെന്നും റോയൽ കനേഡിയൻ മൗണ്ടഡ് വക്താവ് ചാൾസ് പൊയറർ പറഞ്ഞു.
ആർസിഎംപിയുടെ ഇന്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി ടീം മോൺട്രിയലിലെ പോലീസ് സ്റ്റേഷനുകളിലും നഗരത്തിന്റെ തെക്ക് പ്രാന്തപ്രദേശമായ ബ്രോസാർഡിലും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
യുകെയിലും യുഎസിലും ഉൾപ്പെടെ ലോകമെമ്പാടും ചൈനയ്ക്ക് ഇത്തരം നിരവധി സ്റ്റേഷനുകൾ ഉണ്ടെന്ന് സ്പാനിഷ് മനുഷ്യാവകാശ സംഘടനയായ സേഫ്ഗാർഡ് ഡിഫൻഡേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിദേശത്തുള്ള ചൈനക്കാർക്ക് അവരുടെ ചൈനീസ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ പോലുള്ള ബ്യൂറോക്രാറ്റിക് ജോലികളിൽ സഹായം ആവശ്യമുള്ളവർക്കുള്ള സേവന സ്റ്റേഷനുകളാണ് വിദേശ ഔട്ട്‌പോസ്റ്റുകളെ ചൈനീസ് വിദേശകാര്യ മന്ത്രാലയം മുമ്പ് വിശേഷിപ്പിച്ചത്. എന്നാൽ, അത്തരം പൗര സേവനങ്ങൾ സാധാരണയായി ഒരു എംബസിയോ കോൺസുലേറ്റോ ആണ് നടത്തുന്നത്.