വിരമിക്കൽ പ്രായം 55 ആയി മാറ്റാനുള്ള തീരുമാനങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ പ്രതിഷേധിച്ച് പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്ത് സിഎൻ റെയിൽ യൂണിയനുകൾ. കഴിഞ്ഞ മാസം റെയിൽവേയുമായുള്ള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് യൂണിഫോർ ലോക്കൽ 100 ഉം യൂണിഫോർ കൗൺസിൽ 4000 ഉം 98 ശതമാനവും 97 ശതമാനവും ജോലി നിർത്തിവയ്ക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
രാജ്യത്തുടനീളമുള്ള മെക്കാനിക്കൽ, ഇന്റർമോഡൽ, ക്ലറിക്കൽ തസ്തികകളിലെ 3,000 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനുകളുമായുള്ള കരാർ കഴിഞ്ഞ വർഷം അവസാനത്തോടെ അവസാനിച്ചിരുന്നു. 2022 ഒക്‌ടോബർ മുതൽ സിഎനുമായി അഞ്ചോളം ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് യൂണിഫോർ പറയുന്നു.
എന്നാൽ കരാർ ചർച്ചകൾ പരാജയപ്പെട്ടെന്നും യൂണിയൻ മുന്നോട്ടു വെച്ച നിർദ്ദേശങ്ങളും അപേക്ഷകളും സിഎൻ റെയിൽ തള്ളിക്കളഞ്ഞതായും യൂണിഫോർ പ്രതിനിധി ബ്രൂസ് സ്നോ പറഞ്ഞു. പണിമുടക്ക് ഒഴിവാക്കുന്നതിനായി മാർച്ച് 13 ന് മോൺട്രിയലിൽ വീണ്ടും കരാർ ചർച്ചകൾ നടത്തുമെന്നും സ്നോ കൂട്ടിച്ചേർക്കുന്നു.
എന്നാൽ, എല്ലാ ജീവനക്കാർക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ നൽകുന്ന ശമ്പള, ആനുകൂല്യ വർദ്ധനവ് ഉൾപ്പെടുന്ന ഓഫർ കഴിഞ്ഞ മാസം അവതരിപ്പിച്ചതായി സിഎൻ റെയിൽ പറയുന്നു.