സീസണല്‍ ഇന്‍ഫ്ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം കടന്നു വരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാനാണ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. പനി പോലെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലേക്ക് കോവിഡ് മാറുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.
‘സീസണല്‍ ഇന്‍ഫ്‌ലുവന്‍സയെ നോക്കുന്ന അതേ രീതിയില്‍ കോവിഡ്-19 നെ കാണാന്‍ കഴിയുന്ന കാലം വരുമെന്ന് ഞാന്‍ കരുതുന്നു. ആരോഗ്യത്തിന് ഭീഷണിയും എന്നാല്‍, മരണത്തിന് കാരണമാകുകയും ചെയ്യുന്ന ഒരു വൈറസ്. പക്ഷേ നമ്മുടെ സമൂഹത്തെ തടസപ്പെടുത്താന്‍ സാധിക്കാത്ത ഒരു വൈറസ്. അത് ഈ വര്‍ഷത്തോടെ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരു തരം വൈറസാണ് ഇന്‍ഫ്ളുവന്‍സ. ഹോങ്കോങ് ഫ്ളു എന്നും ഈ രോഗം അറിയപ്പെടുന്നു.
ഇന്‍ഫ്ളുവന്‍സ എയുടെ ഉപവിഭാഗമാണ് എച്ച്3 എന്‍2. ചുമ, പനി, മൂക്കടപ്പ് , തലവേദന, ശരീര വേദന, ക്ഷീണം, തൊണ്ട വരള്‍ച്ച എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകും. ചിലരില്‍ കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ കാണാറുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ ഇന്‍ഫ്ളുവന്‍സ വൈറസ് ഉപവിഭാഗമായ എച്ച്3 എന്‍2 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്‍ഫ്‌ലുവന്‍സ രോഗബാധിതരുടെയും കടുത്ത ശ്വാസകോശ രോഗികളുടെയും അനുപാതം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.