മൂന്ന് വർഷം മുമ്പ് പാൻഡെമിക് ആരംഭിച്ചതിന് ശേഷം 50,000-ത്തിലധികം കനേഡിയൻമാർ COVID-19 ബാധിച്ച് മരിച്ചതായി, പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC) സ്ഥിരീകരിച്ചു. ഇന്നത്തോടെ മരണസംഖ്യ 50,135 ൽ എത്തിയതായി PHAC റിപ്പോർട്ട് ചെയ്തു. ഓരോ ആഴ്ചയും പുറത്തുവിടുന്ന പ്രവിശ്യാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ദേശീയ ഡാറ്റ പ്രതിവാര റിപ്പോർട്ട് ചെയ്യുന്നതെന്ന് PHAC അറിയിച്ചു.
ദിവസേന COVID-19 ഡാറ്റ റിപ്പോർട്ട് ചെയ്യുന്ന ഒരേയൊരു പ്രവിശ്യയായ ക്യുബക്കിൽ ഇന്നുവരെ 17,865 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 15,786 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഒന്റാരിയോ രണ്ടാം സ്ഥാനത്ത് എത്തുന്നു. ആൽബർട്ടയിൽ ബുധനാഴ്ച വരെ 5,470 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. .
വ്യാഴാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രിട്ടീഷ് കൊളംബിയയിൽ 5,007 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സസ്കച്ചുവൻ ഇന്നുവരെ മൊത്തം 1,826 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പാൻഡെമിക് ആരംഭിച്ചതിനുശേഷം മാനിറ്റോബയിൽ 2,403 മരണങ്ങൾ രേഖപ്പെടുത്തി.
അറ്റ്ലാന്റിക് കാനഡയിൽ, ന്യൂ ബ്രൺസ്വിക്ക്, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വരെ യഥാക്രമം 762 ഉം 85 ഉം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിൽ ബുധനാഴ്ച വരെ മരണസംഖ്യ 297 ആയി. വ്യാഴാഴ്ച വരെ, നോവാ സ്കോഷ്യയയിൽ 706 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുക്കോൺ, നോർത്ത് വെസ്റ്റ് ടെറിട്ടറികൾ, നുനാവട്ട് എന്നിവ കഴിഞ്ഞ വർഷം അവരുടെ ഡാറ്റ റിപ്പോർട്ട് ചെയ്യുന്നത് നിർത്തിയിരുന്നു. 2020 ന്റെ തുടക്കം മുതൽ 61 മരണങ്ങൾ സ്ഥിരീകരിച്ചു, അതിൽ പകുതിയും യുകോണിലാണ്.
വെള്ളിയാഴ്ച വരെ, പ്രവിശ്യാ ഡാറ്റ അനുസരിച്ച്, തീവ്രപരിചരണത്തിലുള്ള 240-ലധികം രോഗികൾ ഉൾപ്പെടെ 4,400-ലധികം കനേഡിയൻമാർ COVID-19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, രണ്ട് മാസം മുമ്പ് രേഖപ്പെടുത്തിയ നിരക്കിൽ നിന്നും15 ശതമാനം കുറവിൽ പ്രതിദിനം ശരാശരി 1,800 പുതിയ അണുബാധകൾ ഇപ്പോഴും സ്ഥിരീകരിക്കുന്നുണ്ട്.
COVID-19 വാക്‌സിനുകളും ചികിത്സകളും വൈറസിനുള്ള മൊത്തത്തിലുള്ള പ്രതിരോധശേഷിയും ഉണ്ടായിരുന്നിട്ടും, പ്രതിദിനം ശരാശരി 40 കനേഡിയൻമാർ COVID-19 ബാധിച്ച് മരിക്കുന്നതായി പ്രവിശ്യാ ഡാറ്റ സൂചിപ്പിക്കുന്നു.