അഴിമതി ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലായ ഖത്തര്‍ മുന്‍ ധനമന്ത്രിക്കെതിരെ ക്രിമിനല്‍ കോടതിയില്‍ വിചാരണ ആരംഭിക്കാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു. 2021 മെയ് 6 ന് അറസ്റ്റിലായ മുന്‍ ധനമന്ത്രി അലി ഷെരീഫ് അല്‍ ഇമാദിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി, പ്രതികള്‍ കുറ്റം ചെയ്തുവെന്ന് വ്യക്തമായതോടെ, വിചാരണ ആരംഭിക്കാന്‍ അറ്റോര്‍ണി ജനറലിന്റെ ഉത്തരവ്. ക്രിമിനല്‍ കോടതിയില്‍ ശിക്ഷ വിധിച്ചു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അറസ്റ്റിലായ മുന്‍ ധനമന്ത്രി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തും സാക്ഷികളെ വിസ്തരിച്ചും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചും കേസില്‍ ആവശ്യമായ അന്വേഷണം പൂര്‍ത്തിയാക്കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രതികള്‍ ചെയ്ത കുറ്റകൃത്യം തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍, അഴിമതിയും പൊതു പണം ദുരുപയോഗം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയും ശിക്ഷയും നേരിടാന്‍ അവരെ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റി.
ചുമതല ദുര്‍വിനിയോഗം, അധികാര ദുര്‍വിനിയോഗം, പൊതുഫണ്ട് നശിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, ഉത്തരവാദിത്തമുള്ള സ്ഥാനത്ത് അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തി 2021 മെയ് മാസത്തിലാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഖത്തറിലെ അറ്റോര്‍ണി ജനറലാണ് മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റിന് ശുപാര്‍ശ ചെയ്തത്.