അറബിക്കടലില്‍ രൂപംക്കൊണ്ട ബിപാര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇത് വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും ഐഎംഡി അറിയിച്ചു.
കാറ്റ് 135-145 കിലോമീറ്റര്‍ വേഗതയിലും അടുത്ത മൂന്നോ നാലോ ദിവസങ്ങളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയിലും വീശാന്‍ സാധ്യതയുള്ളതിനാല്‍ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കടുത്ത കാലാവസ്ഥയും കടല്‍സാഹചര്യവും ഉണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഐഎംഡി നിര്‍ദേശിച്ചിട്ടുണ്ട്.
ജൂണ്‍ 8ന് രാത്രി 11.30ന് ഗോവയില്‍ നിന്ന് 840 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറും മുംബൈയില്‍ നിന്ന് 870 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന കിഴക്ക്-മധ്യ അറബിക്കടലിലാണ് അതിതീവ്ര ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് ഐഎംഡി അറിയിച്ചു.