ചുമ സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ നടപടി കടുപ്പിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ഇത്തരം മരുന്നുകള്‍ക്കെതിരെ എത്രയും പെട്ടന്ന് തന്നെ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഗാംബിയ, ഇന്തോനേഷ്യ, ഉസ്ബെക്കിസ്ഥാന് എന്നിവിടങ്ങളില്‍, പ്രധാനമായും 5 വയസ്സിന് താഴെയുള്ള 300 ലധികം കുട്ടികള്‍ മരുന്നുകള്‍ കഴിച്ച് വൃക്കസംബന്ധമായ രോഗം മൂലം മരണപ്പെട്ടെന്നും WHO പ്രസ്താവനയില്‍ പറയുന്നു. ഉയര്‍ന്ന അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും ഈ ചുമ സിറപ്പുകളില്‍ ഉണ്ടായിരുന്നതാണ് മരണകാരണം.
ഫിലിപ്പീന്‍സ്, ടിമോര്‍ ലെസ്റ്റെ, സെനഗല്‍, കംബോഡിയ എന്നിവിടങ്ങളില്‍ ഈ മരുന്നുകള്‍ വില്പനയ്ക്കുള്ളതിനാല് ഇനിയും കുട്ടികളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി അറിയിച്ചു. കൂടുതല്‍ മരണങ്ങള് തടയാന്‍ 194 അംഗരാജ്യങ്ങളിലുടനീളം ഇതിനെതിരെ നടപടിയെടുക്കാനും സംഘടന ആവശ്യപ്പെട്ടു. മെഡിക്കല്‍ വിതരണ ശൃംഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് ഉടനടി നടപടിയെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.
കഴിഞ്ഞ നാല് മാസമായി, ഉയര്‍ന്ന അളവിലുള്ള ഡൈതലീന്‍ ഗ്ലൈക്കോളിന്റെയും (ഡിഇജി) എഥിലീന്‍ ഗ്ലൈക്കോളിന്റെയും(ഇജി) സാന്നിധ്യം സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ചുമ സിറപ്പുകള്‍ വിപണിയിലുളളതായി വിവിധ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വസ്തുക്കള്‍ വ്യാവസായിക ലായകങ്ങളായും ആന്റിഫ്രീസ് ഏജന്റുകളായും ഉപയോഗിക്കുന്ന വിഷ രാസവസ്തുക്കളാണ്. അവ ചെറിയ അളവില്‍ പോലും ശരീരത്തില്‍ എത്തുന്നത് മാരകമായേക്കാം.