അഖില സുരേഷ്
ഓഫിസിലായാലും വിവാഹത്തിനായാലും നന്നായി ഒരുങ്ങി പോകാൻ മേക്കപ്പ് ആവശ്യമാണ്. എന്നാൽ മേക്കപ്പ് ഇടുന്നത് പോലെ തന്നെ റിമൂവ് ചെയ്യുന്നതും പ്രധാനമാണ്. മുഖത്തിൽ നിന്ന് പൂർണ്ണമായും മേക്കപ്പ് കഴുകി കളഞ്ഞില്ലെങ്കിൽ മുഖക്കുരു, കറുത്ത പാടുകൾ പോലുള്ള അലർജികൾ ഉണ്ടാകും.
മേക്കപ്പ് കഴുകി കളയുമ്പോൾ ഈ കാര്യങ്ങൾ മറക്കേണ്ട
∙ കിടക്കുന്നതിനു മുൻപ് മേക്കപ്പ് നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ മുഖക്കുരുവും മറ്റു ചർമപ്രശ്നങ്ങളും ഉണ്ടാകും. മേക്കപ്പ് നീക്കം ചെയ്തു ചർമം വൃത്തിയാക്കാൻ മേക്കപ്പ് റിമൂവർ ഉപയോഗിക്കാം. ഇത് ലിക്വിഡ് രൂപത്തിലും വെറ്റ് ആയും ലഭ്യമാണ്.
∙ ഒരു കഷണം കോട്ടണിൽ റിമൂവർ പുരട്ടിയ ശേഷം മുഖത്തു പറ്റിപ്പിടിച്ചിരിക്കുന്ന മേക്കപ്പ് എളുപ്പത്തിൽ നീക്കം ചെയ്യാം. ഐ മേക്കപ്പ് റിമൂവ് ചെയ്യാൻ പ്രത്യേകം ഐ മേക്കപ്പ് റിമൂവറും ലഭ്യമാണ്.

∙ മുഖക്കുരുവുണ്ടാവാൻ സാധ്യതയുളള ചർമമാണെങ്കിൽ മേക്കപ്പ് ചെയ്യുന്നതിനു മുൻപും ശേഷവും ക്ലെൻസിങ് ലോഷൻ മുഖത്തു പുരട്ടി ഒരു കോട്ടൺ കൊണ്ട് ചർമം വൃത്തിയാക്കുക. പിന്നീട് റോസ് വാട്ടർ പുരട്ടാം. ടോണർ ഉപയോഗിച്ചാലും മതി. ഇതു ചർമത്തിനു ടോണിങ് നൽകുകയും ചർമത്തിലെ സുഷിരങ്ങൾ അടയ്ക്കുന്നതിനും ഇതു സഹായിക്കും. ഇതല്ലെങ്കിൽ തുറന്ന സുഷിരങ്ങളിൽ മേക്കപ്പ് അടിഞ്ഞു മുഖക്കുരുവുണ്ടാകും. ഇതിനു ശേഷം വരണ്ട ചർമമുളളവർ മോയ്സ്ചറൈസിങ് ക്രീമും എണ്ണമയമുളള ചർമക്കാർ മോയ്സ്ചറൈസിങ് ലോഷനും ഉപയോഗിക്കുക. ഇതു ചർമത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്താനും ചുളിവുകളും മറ്റും വീഴുന്നതു തടയാനും സഹായിക്കും.
∙ മേക്കപ്പ് ബ്രഷ് ഇടയ്ക്കിടെ വൃത്തിയാക്കാൻ മറക്കരുത്. വൃത്തിയാക്കാതെ മേക്കപ്പ് ബ്രഷ് ഉപയോഗിക്കുന്നതു ചർമ പ്രശ്നങ്ങൾ ഉണ്ടാക്കും.
ഇളം ചൂടു വെളളത്തിൽ ബ്രഷിന്റെ ബ്രിസിലുകൾ മാത്രം മുക്കുക. ഹാൻഡിലും ബ്രഷിലെ ബ്രിസിലുകളും ചേരുന്ന ഭാഗം വെളളത്തിൽ മുക്കുന്നത് ഒഴിവാക്കുക. ഒരു ചെറിയ ബൗളിൽ ബേബി ഷാംപൂ കലർത്തുക. ബ്രിസിലുകൾ നന്നായി ഉലയുന്ന വിധത്തിൽ ബ്രഷ് ചലിപ്പിക്കുക. നന്നായി പതയു ന്നതു വരെ ഇങ്ങനെ ചെയ്യണം. ഇനി ഇളം ചൂടുവെളളത്തിൽ ബ്രിസിലുകൾ മുക്കി വൃത്തിയാക്കാം. ഇതിനു ശേഷം ബ്രഷിലെ വെളളം വിരലുകൾ കൊണ്ട് അമർത്തി നീക്കം ചെയ്യുക. അഴുക്ക് ബാക്കി നിൽക്കുന്നുണ്ടെങ്കിൽ ഒന്നു കൂടി കഴുകാം. പേപ്പർ കൊണ്ടോ ടിഷ്യു കൊണ്ടോ വെളളം തുടച്ച് ഉണക്കാം.
∙ മറ്റുളളവർ ഉപയോഗിക്കുന്ന മേക്കപ്പ് വസ്തുക്കൾ (ബ്രഷ് പോലെയുളളവ) ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇതു ചർമ പ്രശ്നങ്ങൾ പകരാൻ ഇടയാക്കും.