ജോലിയിൽ പ്രവേശിച്ച് രണ്ട് മാസത്തിന് ശേഷം കൊളംബസ് ബ്ലൂ ജാക്കറ്റ്‌സിന്റെ പരിശീലക സ്ഥാനം രാജിവെച്ച് മൈക്ക് ബാബ്‌കോക്ക്. ബാബ്‌കോക്കിന്റെ പെരുമാറ്റത്തെക്കുറിച്ച് എൻഎച്ച്‌എൽ പ്ലെയേഴ്‌സ് അസോസിയേഷൻ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ടീം ബാബ്‌കോക്കിന്റെ ഞെട്ടിക്കുന്ന വിടവാങ്ങൽ പ്രഖ്യാപിച്ചത്. പകരക്കാരനായി ബാബ്‌കോക്കിന്റെ അസോസിയേറ്റ് കോച്ച് പാസ്കൽ വിൻസെന്റിനെ നിയമിക്കുകയും 2024-25 സീസണിൽ രണ്ട് വർഷത്തെ കരാർ ഒപ്പിടുകയും ചെയ്തു. ബാബ്‌കോക്ക് കളിക്കാരോട് ഒന്നിലധികം മീറ്റിംഗുകൾക്കിടയിൽ അവരുടെ ഫോണുകളിലെ ഫോട്ടോകൾ കാണിക്കാനും തുടർന്ന് അവ തന്റെ ടെലിവിഷനിൽ സ്ട്രീം ചെയ്യുമെന്നും പറഞ്ഞതായ് ടീമിലെ ഒരു കളിക്കാരൻ പറഞ്ഞു. എന്നാൽ 60 കാരനായ ബാബ്‌കോക്കും കൊളംബസ് ക്യാപ്റ്റൻ ബൂൺ ജെന്നറും ബ്ലൂ ജാക്കറ്റ്സ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ തെറ്റുണ്ടെന്നും, മീറ്റിംഗുകളെ തെറ്റായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം കുറ്റകരമാണെന്നും പറഞ്ഞു.
റിപ്പോർട്ടുകൾ അന്വേഷിക്കുന്നതിനായി എക്സിക്യൂട്ടീവ് ഡയറക്ടറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടറും ഒഹായോയിലെ കൊളംബസിൽ
ഉണ്ടെന്ന് NHLPA അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മാർട്ടി വാൽഷും റോൺ ഹെയ്‌ൻസിയും ചില ബ്ലൂ ജാക്കറ്റ് കളിക്കാരുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ബാബ്‌കോക്കിന്റെ രാജി ടീമും കോച്ചും തമ്മിലുള്ള പരസ്പര തീരുമാനത്തിലാണെന്ന് ബ്ലൂ ജാക്കറ്റസ് പറഞ്ഞു. ആരംഭിച്ച ജോലി തുടരാൻ അവസരം ലഭിക്കാത്തതിൽ നിരാശനാണെങ്കിലും, ഈ സമയത്ത് താൻ പിന്മാറുന്നത് സംഘടനയുടെ താൽപ്പര്യ പ്രകാരമാണെന്ന് ബാബ്‌കോക്ക് പറഞ്ഞു. അതേസമയം തങ്ങളുടെ ശ്രദ്ധ കളിക്കാരിലും ടീമിന്റെ വരാനിരിക്കുന്ന സീസണിലും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ നീക്കം അനിവാര്യമാണെന്ന് ബ്ലൂ ജാക്കറ്റ്‌സ് ജനറൽ മാനേജർ ജർമോ കെകലൈനൻ പറഞ്ഞു. 2019 ൽ ടൊറന്റോ മാപ്പിൾ ലീഫ്സ് പുറത്താക്കിയതിന് ശേഷം ബാബ്‌കോക്ക് ലീഗിൽ നിന്ന് ഏകദേശം നാല് വർഷത്തോളം വിട്ട് നിന്നിരുന്നു. 2008-ലെ ഡിട്രോയിറ്റിന്റെ സ്റ്റാൻലി കപ്പ് നേടിയ കോച്ചായ ബാബ്‌കോക്ക്, കൊളംബസ് ജോലിയിൽ പ്രവേശിച്ച ശേഷം ജൂലായിൽ താൻ ഒരു പരിശീലകനായെന്നും ടൊറന്റോ പുറത്താക്കിയതിന് ശേഷം കളിക്കാരെ എങ്ങനെ നന്നായി കൈകാര്യം ചെയ്യണമെന്ന് പഠിച്ചുവെന്നും പറഞ്ഞിരുന്നു.
പുതിയ കോച്ചായ 51 കാരനായ വിൻസെന്റ്, 2016-21 മുതൽ അമേരിക്കൻ ഹോക്കി ലീഗിന്റെ മാനിറ്റോബ മൂസിന്റെ ഹെഡ് കോച്ചായി പ്രവർത്തിച്ചതിനു ശേഷം 2021 ൽ ബ്ലൂ ജാക്കറ്റ്‌സിൽ അസോസിയേറ്റ് കോച്ചായി ചേരുകയായിരുന്നു. ഈ ടീമിനെ നയിക്കാൻ തന്നെ ഏൽപ്പിച്ച സംഘടനയുടെ വിശ്വാസത്തെ താൻ അഭിനന്ദിക്കുകയാണെന്ന് വിൻസെന്റ് പറഞ്ഞു.