മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നിയമക്കുരുക്ക് ശക്തമാകുന്നു. രഹസ്യ രേഖകളുടെ അന്വേഷണത്തില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. ഫ്ളോറിഡയിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ നൂറിലധികം രഹസ്യരേഖകള്‍ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയുടെ രഹസ്യ രേഖകളുടെ അന്വേഷണത്തിലാണ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഇതോടെ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട മുന്‍ പ്രസിഡന്റിനെ ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന ആദ്യ മുന്‍ പ്രസിഡന്റായി ട്രംപ്.
ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം നിഷേധിച്ച ട്രംപ് മിയാമി ഫെഡറല്‍ കോടതിയില്‍ ഹാജരാകാന്‍ തനിക്ക് സമന്‍സ് ലഭിച്ചതായി പറഞ്ഞു.
ട്രംപ് വൈറ്റ് ഹൗസില്‍ നിന്നുള്ള രഹസ്യരേഖകള്‍ അദ്ദേഹത്തിന്റെ ഫ്‌ളോറിഡ മാര്‍-എ-ലാഗോ റിസോര്‍ട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തിരുന്നോ എന്ന് അന്വേഷിച്ചുവരികയാണ്. മാന്‍ഹട്ടന്‍ ഗ്രാന്‍ഡ് ജൂറി ഒരു പ്രത്യേക ഹഷ് മണി കേസില്‍ ട്രംപിനെതിരെ കുറ്റം ചുമത്തി മാസങ്ങള്‍ക്ക് ശേഷമാണ് ഈ കുറ്റപത്രം വരുന്നത്.
മാര്‍-എ-ലാഗോയില്‍ നിന്ന് ഏകദേശം 11,000 രഹസ്യ പേപ്പറുകള്‍ കണ്ടെടുത്തു. മറ്റ് നിരവധി കേസുകളില്‍ ഇതിനകം അന്വേഷണം നേരിടുന്ന ട്രംപിനെതിരെയാണ് ഈ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ പുതിയ ഫെഡറല്‍ ചാര്‍ജുകള്‍ ട്രംപിന് ഇതുവരെയുള്ള ഏറ്റവും വലിയ നിയമ പ്രതിസന്ധിയാണ്. ഏകദേശം മൂന്ന് മാസം മുമ്പ്, ബിസിനസ്സ് രേഖകളില്‍ കൃത്രിമം കാണിച്ചതുള്‍പ്പെടെ 34 കുറ്റങ്ങള്‍ ചുമത്തി ന്യൂയോര്‍ക്കില്‍ കുറ്റാരോപിതനായിരുന്നു.