അഖില സുരേഷ്
തന്റെ പുതിയ ചിത്രമായ കെന്നഡിയുടെ പ്രചാരണത്തിരക്കുകളിലാണ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപ്. കാൻ ചലച്ചിത്രമേളയിലാണ് ചിത്രത്തിന്റെ ആഗോള പ്രീമിയർ. സ്വതന്ത്ര സിനിമ അതിന്റെ ഏറ്റവും മോശവും ആശയക്കുഴപ്പം നിറഞ്ഞതുമായ ഇടത്തിലാണ് നിൽക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അദ്ദേഹം. സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെ ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ഉപമിക്കുകയും ചെയ്തു കശ്യപ്.
ഫോബ്സ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് സ്വതന്ത്ര സിനിമകളേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അനുരാഗ് കശ്യപ് തുറന്നുപറഞ്ഞത്. ലോക്ക്ഡൗണിന്റെ ഫലമായി സ്വതന്ത്ര സിനിമകൾ ഏറ്റവും മോശവും ആശയക്കുഴപ്പം നിറഞ്ഞയിടത്തുമാണ് നിൽക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യധാരാ സിനിമകൾ പോലും ലോക്ക്ഡൗൺ കാലത്ത് ഓ.ടി.ടി സ്ട്രീമിങ്ങിലേക്ക് തിരിഞ്ഞു. സ്വതന്ത്ര സിനിമകളോട് സ്ട്രീമർമാരും അകൽച്ച പാലിക്കുകയാണ്. അതിനാൽ അതിജീവിക്കണമെങ്കിൽ നിങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയേ മതിയാവൂ എന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.

സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ ബിസിനസ് തന്ത്രങ്ങളെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൊളോണിയലിസ്റ്റ് രീതികളുമായാണ് അനുരാഗ് കശ്യപ് താരതമ്യം ചെയ്യുന്നത്. ഇത് എല്ലാ ബിസിനസും പോലെ തന്നെയാണ്. അവർ വരികയും നിങ്ങളുടെ നല്ല സുഹൃത്താവുകയും ചെയ്യും. അവർ ഈസ്റ്റ് ഇന്ത്യാ കമ്പനി പോലെയാണ്. എല്ലാ സ്ട്രീമർമാരും ചെയ്യുന്നത് ഇതുതന്നെയാണ്. അവർ വരുന്നു, നിങ്ങളുമായി നല്ല സൗഹൃദത്തിലാവുന്നു. പിന്നീട് നിങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിച്ച് ഭരിക്കാൻ തുടങ്ങുന്നു. പതിയെ അവർ തിയേറ്ററുകൾ അടപ്പിക്കും. കാരണം തിയേറ്ററുകളാണ് അവരുടെ ശത്രുക്കൾ. അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നയാളാണ് അനുരാഗ് കശ്യപ്. നെറ്റ്ഫ്ളിക്സുമായി ചേർന്ന് അദ്ദേഹം ഒരുക്കിയ സേക്രഡ് ഗെയിംസ് ഏറെ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. അദ്ദേഹം 2020-ൽ സംവിധാനം ചെയ്ത ചോക്ക്ഡ് ഓ.ടി.ടി വഴിയാണ് റിലീസ് ചെയ്തത്. ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നീ നെറ്റ്ഫ്ളിക്സ് ആന്തോളജി സീരിസുകളുടെ പിന്നിലും അനുരാഗ് കശ്യപ് പ്രവർത്തിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് ഒടുവിൽ പുറത്തുവന്ന രണ്ട് ചിത്രങ്ങളായ ദൊബാര, ആൾമോസ്റ്റ് പ്യാർ വിത്ത് ഡി.ജെ മൊഹബ്ബത് എന്നീ ചിത്രങ്ങൾ തിയേറ്റർ റിലീസായിരുന്നെങ്കിലും ചർച്ചയായത് ഓ.ടി.ടി റിലീസിനുശേഷമാണ്.