അഖില സുരേഷ്
റോക്ക് ആൻഡ് റോളിന്റെ രാജ്ഞി എന്നറിയപ്പെട്ടിരുന്ന വിഖ്യാത ഗായിക ടീന ടേണർ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് സ്വിറ്റ്സർലന്റ് സൂറിച്ചിലെ സ്വവസതിയിലായിരുന്നു അന്ത്യം. റിവർ ഡീപ് – മൗണ്ടൻ ഹൈ, ദ ബെസ്റ്റ്, വാട്ട്സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ് തുടങ്ങി നിരവധി ഗാനങ്ങളിലൂടെ ടീന ടേണർ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ചു. സംഗീതത്തിലെ ഇതിഹാസവും റോൾ മോഡലുമാണ് വിസ്മൃതിയിലായതെന്ന് അവരുടെ പ്രതിനിധി പ്രതികരിച്ചു.
സംഗീതം കൊണ്ടും ഊർജസ്വലതകൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ത്രസിപ്പിക്കാനും നിരവധി കലാകാരന്മാർക്ക് പ്രചോദനമാകാനും ടീനയ്ക്ക് സാധിച്ചെന്ന് ഗായികയുടെ പ്രതിനിധി പറഞ്ഞു. തികച്ചും സ്വകാര്യമായി നടക്കുന്ന സംസ്കാരച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമേ പങ്കെടുക്കൂ എന്നും പ്രതിനിധി വ്യക്തമാക്കി.

എട്ട് തവണയാണ് ടീന ഗ്രാമി പുരസ്‌കാരം നേടിയത്. 1972-ല്‍ പ്രൗഡ് മേരി എന്ന ആല്‍ബത്തിനായിരുന്നു ആദ്യ ഗ്രാമി. 1985-ല്‍ വാട്ട്‌സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ്, ബെറ്റര്‍ ബി ഗുഡ് റ്റു മീ എന്നീ ആല്‍ബങ്ങളിലൂടെ മൂന്ന് ഗ്രാമി പുരസ്‌കാരങ്ങളാണ് അവരെ തേടിയെത്തിയത്. ഇതില്‍ രണ്ടെണ്ണം മികച്ച പോപ് വോക്കല്‍ പെര്‍ഫോമന്‍സിനായിരുന്നു. പിന്നീട് 1986, 1986, 1987, 1989, 2008 വര്‍ഷങ്ങളിലും ഗ്രാമി പുരസ്‌കാരത്തിന് അവര്‍ അര്‍ഹയായി. 2018-ല്‍ ഗ്രാമി പ്രത്യേക പുരസ്‌കാരമായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ടീന സ്വന്തമാക്കി.
റോളിങ് സ്‌റ്റോണ്‍ മാസികയുടെ മുഖചിത്രമാകുന്ന കറുത്ത വര്‍ഗക്കാരിയായ ആദ്യ കലാകാരിയായിരുന്നു ടീന. 1967-ലായിരുന്നു ഇത്. വാട്ട്‌സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ് എന്ന ഗാനത്തിനോടുള്ള ആദരമായി മാറ്റെല്‍ കമ്പനി ടീനയുടെ രൂപത്തില്‍ ഒരു ബാര്‍ബി പാവയെ വിപണിയിലെത്തിച്ചിരുന്നു. സംഗീതലോകത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് പ്രിയഗായികയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുന്നത്.