മോൺട്രിയൽ : മോൺട്രിയൽ ഓൾഡ് പോർട്ടിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായും ആറ് പേരെ കാണാതായതായും ഫയർ ആൻഡ് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം ഒരു മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നും തിരിച്ചറിയാൻ ഫോറൻസിക് പരിശോധനകൾ നടത്തണമെന്നും മോൺട്രിയൽ പോലീസ് വക്താവ് ജീൻ പിയറി ബ്രബാന്റ് അറിയിച്ചു. തീപിടുത്തത്തെ തുടർന്ന് ഏഴ് പേരെ കാണാതായതായി അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു.
ഒരാളെ മാത്രമാണ് കാണാതായി എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ കെട്ടിടത്തിലെ നിരവധി അപ്പാർട്ട്മെന്റുകൾ Airbnb വാടകയ്ക്ക് നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടെന്ന് പിന്നീട് മനസ്സിലാക്കിയതോടെ കൂടുതൽ ആളുകൾ കാണാതായതായി അധികൃതർ വെളിപ്പെടുത്തി.
കാണാതായവർക്കായുള്ള തിരച്ചിൽ സുഗമമാക്കാൻ കെട്ടിടം പൊളിക്കുമെന്നും അതിനു മുമ്പായി അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് സർവേ നടത്തുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തുവെന്ന് മോൺട്രിയൽ ഫയർ ഓപ്പറേഷൻസ് മേധാവി മാർട്ടിൻ ഗിൽബോൾട്ട് അറിയിച്ചു.
കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്താൻ സാധ്യതയുണ്ടെന്ന് മോൺട്രിയൽ ഫയർ സിറ്റി കമാൻഡർ സ്റ്റീവ് ബെൽസിൽ പറഞ്ഞു. കാണാതായവരിൽ എത്രപേർ ഹ്രസ്വകാല വാടകയ്ക്ക് താമസിക്കുന്ന വിനോദസഞ്ചാരികളാണെന്നും എത്രപേർ കെട്ടിടത്തിൽ സ്ഥിരമായി താമസിക്കുന്നുണ്ടെന്നും പോലീസിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. അതിൽ രണ്ട് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവർ അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.