മോൺട്രിയലിലെ ഓൾഡ് പോർട്ടിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ഏഴുപേരെ കാണാതായതായി മോൺട്രിയൽ പോലീസ് അറിയിച്ചു. കൂടുതൽ പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
ആദ്യത്തെ റിപ്പോർട്ടുകൾ പ്രകാരം ഒരാളെ മാത്രമാണ് കാണാതായതെന്നാണ്. എന്നാൽ കെട്ടിടത്തിലെ നിരവധി അപ്പാർട്ട്മെന്റുകൾ Airbnb വാടകയ്ക്ക് നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടെന്ന് പിന്നീട് മനസ്സിലാക്കിയതോടെ കൂടുതൽ ആളുകൾ കാണാതായതായി അധികൃതർ അറിയിച്ചു.

അന്വേഷണം സുഗമമാക്കാൻ കെട്ടിടം പൊളിക്കുമെന്നും അതിനു മുമ്പായി അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് സർവേ നടത്തുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തുവെന്ന് മോൺട്രിയൽ ഫയർ ഓപ്പറേഷൻസ് മേധാവി മാർട്ടിൻ ഗിൽബോൾട്ട് അറിയിച്ചു.
തീപിടിത്തത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഒമ്പത് പേരിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും ആശുപത്രിയിൽ തുടരുകയാണെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.