ഓട്ടവ : തീപിടിത്ത സാധ്യത മുൻനിർത്തി ജനറാക് കമ്പനിയുടെ പോർട്ടബിൾ ജനറേറ്ററുകളുടെ രണ്ട് മോഡലുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. GP15000E, GP17500E എന്നീ രണ്ടു മോഡലുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.
ഈ രണ്ടു മോഡലുകളിലുള്ള ജനറേറ്ററുകളുടെ ഉപയോഗം ഉടനടി നിർത്തണമെന്നും സൗജന്യ റിപ്പയർ കിറ്റിനായി ജനറാക് കമ്പനിയുമായി ബന്ധപ്പെടണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിക്കുന്നു. ജനറേറ്ററുകളുടെ റോൾഓവർ വാൽവിൽ ശരിയായ വായുസഞ്ചാരം നടക്കാത്തത് ഗ്യാസ് ടാങ്കിൽ കൂടുതൽ മർദ്ദം അനുഭവപ്പെടുന്നതിന് കാരണമാകുന്നതായി ഹെൽത്ത് കാനഡ പറയുന്നു. ഇത് റോൾഓവർ വാൽവ് തുറക്കുമ്പോൾ ഇന്ധനം പുറന്തള്ളാനും തീപിടിക്കുന്നതിനും കാരണമാകുമെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി.

ഇത്തരത്തിൽ ജനറേറ്ററുകൾ അമിതമായി ചൂടാക്കുകയും ഇന്ധനം പുറന്തള്ളുകയും ചെയ്യുന്നതായി 27 കേസുകൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തതായി ഹെൽത്ത് കാനഡ അറിയിച്ചു. മൂന്നു കേസുകളിൽ ആളുകൾക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, കാനഡയിൽ അത്തരം റിപ്പോർട്ടുകളൊന്നും കമ്പനിക്ക് ലഭിച്ചിട്ടില്ലെന്ന് ഹെൽത്ത് കാനഡ പറയുന്നു.