ഓട്ടവ : കാനഡയിൽ പണപ്പെരുപ്പനിരക്കിൽ വർധന തുടരുമ്പോൾ ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പലചരക്ക് സാധനങ്ങളുടെ വില 0.4 ശതമാനം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. എന്നാൽ, ഓഗസ്റ്റിൽ പലചരക്ക് വിലകൾ കുറഞ്ഞിട്ടുണ്ടെങ്കിലും ഉയർന്ന നിലയിൽ തുടരുകയാണെന്നും ഫെഡറൽ ഏജൻസിയുടെ ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക (സിപിഐ) റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഗ്യാസ് വില ഉയർന്നതോടെ കാനഡയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയിലെ 3.3 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ നാല് ശതമാനമായി വർധിച്ചു.

വില കുറഞ്ഞ ഭക്ഷ്യഉൽപ്പന്നങ്ങൾ
ഓഗസ്റ്റിൽ, ഫ്രഷ് പഴങ്ങൾ, ധാന്യ ഉൽപ്പന്നങ്ങൾ, ഫ്രഷ്, ഫ്രോസൺ ചിക്കൻ എന്നിവയുടെ വില ജൂലൈയെ അപേക്ഷിച്ച് കുറഞ്ഞു. മറ്റ് പല ഉൽപ്പന്നങ്ങൾക്കും വിലയിൽ കുറവുണ്ടായപ്പോൾ ചിലത് കുറഞ്ഞ അളവിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയതും ശീതീകരിച്ചതുമായ പന്നിയിറച്ചിയുടെ വിലയിൽ ഓഗസ്റ്റിൽ ഗണ്യമായ കുറവുണ്ടായി. ജൂലൈയിൽ നിന്ന് ആറ് ശതമാനമാണ് വില കുറഞ്ഞത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.9 ശതമാനം കുറവും ഉണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. ഇതോടൊപ്പം ജൂലായ് മുതൽ ഓഗസ്റ്റ് വരെ ഏത്തപ്പഴത്തിന് 1.5 ശതമാനം വില കുറഞ്ഞു.

ഓഗസ്റ്റിൽ മുട്ടയുടെ വില 0.5 ശതമാനം കുറഞ്ഞെങ്കിലും വർഷം തോറും 3.6 ശതമാനം വിലക്കയറ്റത്തിൽ തന്നെ തുടരുന്നു. സംസ്കരിച്ച മാംസത്തിനും ജൂലൈ മുതൽ ഓഗസ്റ്റ് വരെ വിലയിൽ നേരിയ കുറവുണ്ടായി, 0.2 ശതമാനം നിരക്ക്. എന്നാൽ വർഷം തോറും, സംസ്കരിച്ച മാംസത്തിന്റെ വില ഇപ്പോഴും നാല് ശതമാനം വർധനവിൽ തുടരുന്നു.
ചീര, തക്കാളി, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയ ഇനങ്ങളുടെ വിലയിൽ ജൂലൈ മുതൽ ചെറിയ കുറവുണ്ടായെങ്കിലും വർഷം തോറും പണപ്പെരുപ്പ നിരക്ക് 12 ശതമാനത്തിന് മുകളിലാണ്. എന്നാൽ, ഓഗസ്റ്റിൽ ഓറഞ്ച് വില 3.9 ശതമാനം കുറഞ്ഞു.

ഉള്ളി, കാരറ്റ്, കുരുമുളക്, വെള്ളരി എന്നിവയുൾപ്പെടെയുള്ള പുതിയ പച്ചക്കറികൾക്ക് ഓഗസ്റ്റിൽ 1.8 ശതമാനത്തിന്റെ ചെറിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില 14.8 ശതമാനമായി തുടരുന്നു.
വില വർധിച്ച ഭക്ഷ്യഉൽപ്പന്നങ്ങൾ
ശീതീകരിച്ചതും ഉണക്കിയതുമായ പച്ചക്കറികൾ, ഭക്ഷ്യ എണ്ണകൾ, കൊഴുപ്പുകൾ എന്നിവയുടെ വിലയിൽ പ്രതിമാസം 0.7 ശതമാനം വർധിച്ചു. രണ്ടും വർഷാവർഷം പണപ്പെരുപ്പ നിരക്ക് 13 ശതമാനത്തിന് മുകളിൽ നിലനിന്നു. ആഗസ്റ്റിൽ പഞ്ചസാരയും പലഹാര ഉൽപ്പന്നങ്ങളുടെയും വില 2.2 ശതമാനം ഉയർന്നു, വാർഷിക പണപ്പെരുപ്പ നിരക്ക് 10.9 ശതമാനമാണ്. കാപ്പിയുടെയും ചായയുടെയും വില ജൂലൈയിൽ നിന്ന് 2.4 ശതമാനം വർദ്ധിച്ചു, ഇത് വാർഷിക പണപ്പെരുപ്പ നിരക്ക് ഒമ്പത് ശതമാനത്തിൽ എത്തി. വെണ്ണ, ഉരുളക്കിഴങ്ങ്, ആപ്പിൾ എന്നിവയാണ് ജൂലൈ മുതൽ വില വർധിച്ച മറ്റ് ഇനങ്ങൾ.