ക്യുബക്കിലും ഒന്റാരിയോയിലും പടർന്നു പിടിച്ച കാട്ടുതീ കാരണം ടൊറന്റോയിലെ എയർ ക്വാളിറ്റി ഇൻഡക്സ് റേറ്റ് ഉയർന്നതായി ഫെഡറൽ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെ നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് റേറ്റ്, ഉയർന്ന അപകടസാധ്യതയുള്ള ലെവൽ 7-ൽ എത്തുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി.
ഏകദേശം 4 മണി വരെ നഗരത്തിൽ എയർ ക്വാളിറ്റി ഇൻഡക്സ് റേറ്റ് ഉയർന്നനിലയിൽ തുടരുമെന്നും തുടർന്ന് അപകടസാധ്യത മിതമായതായി കുറയുകയുമെന്നും എൻവയോൺമെന്റ് കാനഡ അറിയിച്ചു. നാളെ രാവിലെ പുകയുടെ സാന്ദ്രത തീവ്രമാകുമെന്നും അതോടൊപ്പം വായു നിലവാരം മോശമാകുമെന്നും ഇത് ഉച്ചയോടെ ഇൻഡക്സ് റേറ്റ് 9 ആയി ഉയരുമെന്നും ഫെഡറൽ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

എയർ ക്വാളിറ്റി റിസ്ക് ലെവലുകൾ 7 നും 10 നും ഇടയിൽ ആകുന്നതോടെ ചുമയും തൊണ്ടയിൽ അസ്വസ്ഥതയും പോലുള്ള ലക്ഷണങ്ങൾ അനുഭവിക്കുന്നവർ പുറത്ത് നടക്കുന്ന ആയാസകരമായ പ്രവർത്തനങ്ങൾ കുറയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്ന് കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.
വീടിനു വെളിയിൽ കൂടുതൽ സമയം ചിലവഴിക്കുന്നവർ പുക കണികകളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് മാസ്ക് ധരിക്കുന്നത് പരിഗണിക്കണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശം നൽകി. “ശ്വാസകോശ രോഗമോ (ആസ്തമ പോലുള്ളവ) ഹൃദ്രോഗമോ ഉള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, വെളിയിൽ ജോലി ചെയ്യുന്ന ആളുകൾ എന്നിവർക്ക് കാട്ടുതീ പുക മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്,” ഏജൻസി പറഞ്ഞു.
നിലവിൽ ക്യൂബെക്കിൽ 100-ലധികം തീപിടുത്തങ്ങളും വടക്കുകിഴക്കൻ ഒന്റാരിയോയിൽ 40-ലധികം തീപിടുത്തങ്ങളും സജീവമായി തുടരുന്നുണ്ട്.