ഏജന്റിന്റെ ചതിയില്‍ കുരുങ്ങി പ്രതിസന്ധിയിലായി ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. കനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഓഫര്‍ ലെറ്ററുകളുമായി എത്തിയ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിസ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാടുകടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍.
700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡീപോര്‍റ്റേഷന്‍ നോട്ടീസ് കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി (സിബിഎസ്എ) നല്‍കിയിരിക്കുന്നത്. ഒരുപാട് പ്രതീക്ഷകളുമായി കടല്‍ കടന്നെത്തിയ വിദ്യാര്‍ത്ഥികളാണ് നിയമക്കുരുക്കിൽപ്പെട്ടിരിക്കുന്നത്.
ബ്രിജേഷ് മിശ്ര എന്നയാളുടെ നേതൃത്വത്തില്‍ ജലന്ധറില്‍ ഉള്ള എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് വഴി കാനഡയില്‍ എത്തിയ 700 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഡീപോര്‍റ്റേഷന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നതെന്ന് നോട്ടീസ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളായ ചമന്‍ സിംഗ് ബാത്ത് പറഞ്ഞു.
+2 പാസായതിന് ശേഷം ബ്രിജേഷ് മിശ്രയുടെ എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് വഴി കാനഡയിലേക്കുള്ള പഠന വിസയ്ക്ക് അപേക്ഷിച്ചതായി ചമന്‍ സിംഗ് പറയുന്നു. ഈ വിസ അപേക്ഷകള്‍ 2018 മുതല്‍ 2022 വരെ ഫയല്‍ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹംബര്‍ കോളേജിലേക്കുള്ള പ്രവേശന ഫീസ് ഉള്‍പ്പെടെ എല്ലാ ചെലവുകള്‍ക്കുമായി ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 16 മുതല്‍ 20 ലക്ഷം രൂപ മിശ്ര ഈടാക്കിയതായി ചമന്‍ സിംഗ് അറിയിച്ചു. വിമാന ടിക്കറ്റുകളും സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ഏജന്റിന് നല്‍കിയ പണത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും ചമന്‍ സിംഗ് പറഞ്ഞു.
താന്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ടൊറന്റോയില്‍ എത്തിയതായി ചമന്‍ സിംഗ് പറഞ്ഞു. തുടര്‍ന്ന് ഹംബര്‍ കോളേജിലേക്ക് പോകുമ്പോള്‍, തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന കോഴ്സുകളിലെ എല്ലാ സീറ്റുകളുടെയും അഡ്മിഷന്‍ പൂര്‍ത്തിയായതായി ബ്രിജേഷ് മിശ്രയുടെ ടെലിഫോണ്‍ കോള്‍ ലഭിച്ചതായി ചമന്‍ സിംഗ് അറിയിച്ചു. കൂടാതെ അടുത്ത ക്ലാസ് ആരംഭിക്കുന്നത് വരെ കാത്തിരിക്കണമെന്ന് മിശ്ര പറഞ്ഞതായും ചമന്‍ സിംഗ് പറയുന്നു. 6 മാസത്തിന് ശേഷം അല്ലെങ്കില്‍ അവര്‍ക്ക് മറ്റേതെങ്കിലും കോളേജില്‍ പ്രവേശനവും സുരക്ഷിത സമയവും ലഭിക്കുമെന്നും മിശ്ര അറിയിച്ചു.
കൂടാതെ മിശ്ര വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹംബര്‍ കോളേജ് ഫീസ് തിരികെ നല്‍കിയെന്നും ഇത് വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചതായും ചമന്‍ സിംഗ് പറഞ്ഞു.
മിശ്രയുടെ ഉപദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ അറിയപ്പെടാത്ത മറ്റൊരു കോളേജുമായി ബന്ധപ്പെടുകയും ലഭ്യമായ 2 വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം നേടുകയും ചെയ്തു. ക്ലാസുകള്‍ ആരംഭിച്ചു, കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചു. കാനഡയിലെ സ്ഥിര താമസ പദവിക്ക് അര്‍ഹത നേടിയ ശേഷം, വിദ്യാര്‍ത്ഥികള്‍, ചട്ടം അനുസരിച്ച്, പ്രസക്തമായ രേഖകള്‍ ഇമിഗ്രേഷന്‍ വകുപ്പിന് സമര്‍പ്പിച്ചു.
”വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ സിബിഎസ്എ രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയെന്നും ഇതോടെ പ്രശ്നങ്ങളെല്ലാം ആരംഭിച്ചതായും ചമന്‍ സിംഗ് പറഞ്ഞു. തുടര്‍ന്ന് സിബിഎസ്എ, ഹിയറിംഗിന് അവസരം നല്‍കിയ ശേഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാടുകടത്തല്‍ നോട്ടീസ് നല്‍കി.
ഏജന്റ് വളരെ സമര്‍ത്ഥമായി ഞങ്ങളുടെ വിസ അപേക്ഷാ ഫയലുകളില്‍ ഒപ്പിട്ടിട്ടില്ലെന്നും എന്നാല്‍ ഒരു ഏജന്റിന്റെ സേവനം വാടകയ്ക്കെടുക്കാതെ വിദ്യാര്‍ത്ഥി സ്വയം അപേക്ഷകനാണെന്ന് കാണിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും ഒപ്പിടുകയും ചെയ്തുവെന്ന് ചമന്‍ സിംഗ് അറിയിച്ചു. വ്യാജരേഖ ചമച്ചതിനാല്‍ മിശ്ര ബോധപൂര്‍വം ചെയ്തതാണിതെന്നും ചമന്‍ സിംഗ് പറയുന്നു.
ഏജന്റ് മിശ്രയാണ് എല്ലാ രേഖകളും തയ്യാറാക്കി ക്രമീകരിച്ചതെന്നതിന് തെളിവുകളില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ നിരപരാധിത്വം സിബിഎസ്എ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. എല്ലാ രേഖകളുടെയും ആധികാരികത പരിശോധിച്ച് വിസ അനുവദിക്കുകയും അവര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്ത കനേഡിയന്‍ വിസയുടെയും എയര്‍പോര്‍ട്ട് അധികൃതരുടെയും പരാജയവും സിബിഎസ്എ അംഗീകരിച്ചില്ല.
3 മുതല്‍ 4 വര്‍ഷം വരെ തുടരുന്ന ഡീപോര്‍റ്റേഷന്‍ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുക എന്നതാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവശേഷിക്കുന്ന ഏക പ്രതിവിധി. എന്നാല്‍, കനേഡിയന്‍ അഭിഭാഷകരെ നിയമിക്കുന്നത് വളരെ ചെലവേറിയതാണെന്നത് വിദ്യാര്‍ത്ഥികളെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു.
ഇതിനിടെ കബളിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ജലന്ധറിലെ ഏജന്റുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഓഫീസ് മാസങ്ങളായി പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി.