പട്ന : മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യമെന്ന് മകൾ സുഭാഷിണി അറിയിച്ചു.
വാജ്പേയി മന്ത്രിസഭയിൽ വ്യോമയാന, ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന ശരദ് യാദവ് ഏഴു തവണ ലോക്സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു.
നിതീഷ് കുമാർ ബിജെപിയുമായി സഖ്യത്തിലായതോടെ ജെഡിയു വിട്ട് 2018ൽ എൽജെഡി (ലോക്താന്ത്രിക് ജനതാദൾ) രൂപീകരിച്ചു. ഇതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാ അംഗത്വം നഷ്ടമായി. 2022-ൽ ലാലുപ്രസാദ് യാദവിന്റെ ആർജെഡിയിൽ (രാഷ്ട്രീയ ജനതാദൾ) എൽജെഡി ലയിച്ചു.
1974-ൽ ജബൽപുരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി ലോക്സഭയിൽ അംഗമായത്. 2019ൽ മധേപുരയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മധ്യപ്രദേശിലെ കർഷക കുടുംബത്തിലായിരുന്നു ജനനം. ഭാര്യ: രേഖ യാദവ്.