വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ‘അഡ്‌മിഷൻ ഓഫർ ലെറ്ററുകൾ’ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാടുകടത്തൽ നടപടി നേരിടുന്ന 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നൽകി ഫ്രണ്ട്‌സ് ഓഫ് കാനഡ ആൻഡ് ഇന്ത്യ ഫൗണ്ടേഷൻ. വിദ്യാർത്ഥികളെ ഡീപോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇമിഗ്രേഷൻ മിനിസ്റ്റർ സീൻ ഫ്രേസറിന് കത്തയച്ചതായി ഫൗണ്ടേഷൻ പ്രസിഡന്റ് മനീന്ദർ സിംഗ് ഗിൽ അറിയിച്ചു.
ബ്രിജേഷ് മിശ്ര എന്നയാളുടെ നേതൃത്വത്തില്‍ ജലന്ധറില്‍ ഉള്ള എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് വഴി കാനഡയില്‍ എത്തിയ 700 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഡീപോര്‍റ്റേഷന്‍ നോട്ടീസ് ലഭിച്ചത്.
മൂന്ന് വർഷം മുമ്പാണ് വിദ്യാർഥികൾ രാജ്യത്ത് സ്റ്റുഡന്റ് വിസയിൽ എത്തിയത്. വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കുകയും പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റിൽ (PGWP) കനേഡിയൻ തൊഴിൽ പരിചയം നേടുകയും ചെയ്തു. സ്ഥിരതാമസത്തിന് (പിആർ) അപേക്ഷ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയുടെ പരിശോധനയിൽ കനേഡിയൻ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നുള്ള അഡ്‌മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് വിദ്യാർത്ഥികൾക്ക് ഡീപോര്‍റ്റേഷന്‍ നോട്ടീസ് ലഭിച്ചു.
സംഭവത്തിൽ വിശാലമായ അന്വേഷണം ആവശ്യപ്പെടുന്നതിനാൽ ഈ വിഷയത്തിൽ ഇടപെടാനും നാടുകടത്തൽ നടപടികൾ ഉടൻ അവസാനിപ്പിക്കാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കനേഡിയൻ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് സ്റ്റുഡന്റ് വിസകളും വർക്ക് പെർമിറ്റുകളും അനുവദിച്ചത്, ഈ വസ്തുത കനേഡിയൻ ഇമിഗ്രേഷൻ ഭരണകൂടത്തിന്റെ കാര്യക്ഷമതയെയും യോഗ്യതയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. കനേഡിയൻ ഇമിഗ്രേഷൻ ഭരണകൂടത്തിന്റെ സമഗ്രത സംരക്ഷിക്കുക എന്നത് നിങ്ങളുടെ മുൻഗണനകളിലൊന്നാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാൽ ഈ പ്രത്യേക സാഹചര്യം അനുകമ്പയുള്ള സമീപനം ആവശ്യപ്പെടുന്നു,” മനീന്ദർ സിംഗ് ഗിൽ കത്തിൽ പറയുന്നു.
സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന കനേഡിയൻ സ്ഥാപനങ്ങളുടെ പങ്ക് പരിശോധിക്കണമെന്നും തട്ടിപ്പിലെ കനേഡിയന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കത്തിൽ പറയുന്നു. “അനധികൃത ഇമിഗ്രേഷൻ കൺസൾട്ടന്റുമാർക്കെതിരെ ഇന്ത്യൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും മനീന്ദർ സിംഗ് ഗിൽ ആവിശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇന്ത്യ-കനേഡിയൻ സഹകരണം ആവശ്യമാണെന്നും,” ഗിൽ പറഞ്ഞു.
അതേസമയം, നാടുകടത്തൽ നേരിടുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായി രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് മോൺട്രിയൽ യൂത്ത് സ്റ്റുഡന്റ് ഓർഗനൈസേഷൻ. ഈ വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നതിനായി പോരാടുമെന്ന് ഓർഗനൈസേഷൻ അംഗം ഹരീന്ദർ സിംഗ് പറഞ്ഞു.