സംസ്ഥാന സർക്കാരിനെ പ്രശംസിച്ചും പരസ്പര ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യരംഗത്ത് ഉള്‍പ്പെടെ പലമേഖലകളിലും സർക്കാരിന്‍റേത് മികച്ച പ്രവർത്തനമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. അതേസമയം, സർക്കാരും ഗവർണറും ഒത്തുകളിക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷം രംഗത്തെത്തി.
സർക്കാരിനോടുളള ഏറ്റുമുട്ടലിന്‍റെയും വെല്ലുവിളിയുടെയും മുന്നറിയിപ്പിന്‍റെയും സ്വരം മയപ്പെടുത്തിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാർ തന്‍റേത് കൂടിയാണ്. സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല. സർക്കാരിനെതിരെ സംസാരിക്കുമെന്ന് ആരും കരുതേണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സർവകലാശാലാ പ്രശ്നം ഒഴിച്ചുനിർത്തിയാല്‍ മറ്റു പലമേഖലകളിലും സംസ്ഥാന സർക്കാരിന്‍റേത് മികച്ച പ്രവർത്തനമെന്നും ഗവർണർ. അതേസമയം, ഗവർണർക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. നിരന്തരം നിലപാട് മാറ്റുന്ന ഗവർണർ പ്രതിപക്ഷത്തിന്‍റെ റോള്‍ ഏറ്റെടുക്കേണ്ടെന്നും സതീശന്‍.ഏറ്റുമുട്ടലിന്‍റെ ഉച്ഛസ്ഥായിയില്‍ നിന്നാണ് ഗവർണറും മുഖ്യമന്ത്രിയും നിലപാട് മയപ്പെടുത്തിയത്. നയപ്രഖ്യാപനത്തിന് ഗവർണറെ ക്ഷണിച്ചതും അദ്ദേഹത്തിന്‍റെ ചായ സത്കാരത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തതും ഏറ്റമുട്ടലിനില്ലെന്ന സന്ദേശം നല്‍കാനാണ്. അതുള്‍ക്കൊണ്ടുളള പ്രതികരണമാണ് ഗവർണറും നടത്തിയിട്ടുളളത്. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്യും.