ഒന്റാറിയോയുടെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ ആരംഭിച്ച മഞ്ഞുവീഴ്ച, കിഴക്കൻ കാനഡയിലുടനീളം ശക്തമായ മഞ്ഞുവീഴ്ചയായി മാറിയിരിക്കുന്നതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ ശക്തി പ്രാപിച്ച മഞ്ഞുവീഴ്ച, ഇന്ന് രാവിലെയോടെ ചില പ്രദേശങ്ങളിൽ 25 സെന്റീമീറ്റർ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, തെക്കൻ ഒന്റാരിയോയിലുടനീളമുള്ള പ്രദേശങ്ങളിൽ എൻവയോൺമെന്റ് കാനഡ നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകളും പ്രസ്താവനകളും നൽകിയിട്ടുണ്ട്.
ഒന്റാരിയോയിലെ ബാരി, കിച്ചനർ, ലണ്ടൻ ഒന്റാരിയോ, ഒട്ടാവ, ടൊറന്റോ, വിൻഡ്സർ തുടങ്ങിയ പ്രദേശങ്ങളിലും ക്യുബക്കിലും അറ്റ്ലാന്റിക് കാനഡയിലെ പ്രവിശ്യകളിലും കനത്ത മഞ്ഞുവീഴ്ചയും മഴയും പ്രതീക്ഷിക്കുന്നു.
കനത്ത മഞ്ഞുവീഴ്ച്ചയും ശക്തമായ കാറ്റും മൂലം മിസിസാഗ, ഓക്ക്‌വില്ലെ, ബർലിംഗ്ടൺ, ഹാമിൽട്ടൺ തുടങ്ങിയ പ്രദേശങ്ങളിൽ വിസിബിലിറ്റി കുറയുമെന്ന് എൻവയോൺമെന്റ് കാനഡയിലെ കാലാവസ്ഥാ നിരീക്ഷകനായ ജെഫ് കോൾസൺ മുന്നറിയിപ്പ് നൽകി. പ്രിൻസ് എഡ്വേർഡ് കൗണ്ടി, ട്രെന്റൺ, കിംഗ്സ്റ്റൺ, സെന്റ് ലോറൻസ് റിവർ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും 20-25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ജെഫ് കോൾസൺ പറഞ്ഞു.

ഒന്റാരിയോ പ്രവിശ്യയുടെ തെക്കുകിഴക്കൻ മേഖലകളിലും യു.എസിലും ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാൽ ഇന്ന് രാവിലെ ക്യുബക്കിലെ മോൺട്രിയൽ, ലാവൽ, ഗാറ്റിനോ മേഖലകളിൽ 15 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകുന്നേരത്തോടെ ഈ പ്രദേശങ്ങളിൽ അപകടകരമായ യാത്രാ സാഹചര്യങ്ങൾക്ക് കാരണമാകുമെന്നും എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി.
ക്യുബെക് സിറ്റിക്കും ചുറ്റുമുള്ള പ്രദേശങ്ങളായ സെന്റ്-ലാംബെർട്ട്, പോർട്ട്‌ന്യൂഫ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറ്റ്ലാന്റിക് കാനഡയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുടെയും മഴയുടെയും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നോവാ സ്കോഷ്യ, ന്യൂഫൗണ്ട്ലാൻഡ്, ന്യൂബ്രൗൺസ്വിക്കിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പുകൾ ബാധകമാണ്.