നോവാ സ്കോഷ്യയിലെ അറ്റ്ലാന്റിക് തീരത്തിലൂടെ ശക്തമായ ന്യൂനമർദം കടന്നു വരുന്നതിനാൽ പ്രവിശ്യയിലുടനീളം ഇന്ന് കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി എൻവയോൺമെന്റ് കാനഡ. ഇന്ന് രാവിലെ മുതൽ ആരംഭിക്കുന്ന പ്രവിശ്യയിലെ ആദ്യത്തെ പ്രധാന മഞ്ഞുവീഴ്‌ച നാളെയും തുടരുമെന്നും കാലാവസ്ഥ ഏജൻസി പറയുന്നു.
നോവാ സ്കോഷ്യയയുടെ തെക്കൻ തീരപ്രദേശങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് മഞ്ഞുവീഴ്ചയ്‌ക്കൊപ്പം മരവിപ്പിക്കുന്ന മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഏജൻസി അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന വടക്കുകിഴക്കൻ കാറ്റ് മഞ്ഞുവീഴ്‌ചയ്‌ക്കൊപ്പം ഉണ്ടാകും.
യാർമൗത്ത് തെക്കൻ തീരത്തും മെട്രോ ഹാലിഫാക്‌സ് ഏരിയയിലും 20 സെന്റിമീറ്ററിനും 30 സെന്റിമീറ്ററിനും ഇടയിൽ മഞ്ഞുവീഴ്ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നോവാ സ്കോഷ്യയയുടെ ബാക്കി ഭാഗങ്ങളിൽ 10 മുതൽ 20 സെന്റീമീറ്റർ വരെയും മഞ്ഞുവീഴ്ച്ച ഉണ്ടാകും. കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് ഡിഗ്ബി, യാർമൗത്ത്, ഷെൽബേൺ കൗണ്ടികളിൽ രാവിലെ ഗതാഗത തടസ്സം പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തെക്കുപടിഞ്ഞാറൻ ന്യൂബ്രൗൺസ്വിക്കിലും വെള്ളിയാഴ്ച രാവിലെയോടെ നേരിയ മഞ്ഞ് വീഴും. ന്യൂബ്രൗൺസ്വിക്കിന്റെ തെക്കൻ പ്രദേശങ്ങളിലും കിഴക്കൻ പ്രിൻസ് എഡ്വേർഡ് ഐലൻഡിലും ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ മഞ്ഞുവീഴ്‌ച പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥ ഏജൻസി അറിയിച്ചു. ന്യൂബ്രൗൺസ്വിക്കിൽ ഇന്ന് രാത്രിയോടെ മഞ്ഞുവീഴ്ച്ച അവസാനിക്കും. എന്നാൽ, പ്രിൻസ് എഡ്വേർഡ് ദ്വീപിലും നോവാ സ്കോഷ്യയയുടെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിലും ശനിയാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച്ച തുടരും.