അഖില സുരേഷ്
തൊട്ടാല്‍ പട്ടുപോലുള്ള മുഖം ഏതു പെണ്ണാണു കൊതിക്കാത്തത് മുഖ ചര്‍മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു മുഖം സുന്ദരമാക്കാന്‍ ഫേഷ്യല്‍ ഒരു പരിധി വരെ സഹായിക്കും. വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗിച്ചു ചെയ്യാവുന്ന ഫേഷ്യലുകളാണു ചുവടെ.
വലിഞ്ഞ ചര്‍മമുള്ളവര്‍ക്ക്
മുള്‍ട്ടാണി മിട്ടി: ഒരു ടേബിള്‍സ്പൂണ്‍. ഉരുളക്കിഴങ്ങുനീര് : ആവശ്യത്തിന്. മുള്‍ട്ടാണി മിട്ടിയും ഉരുളക്കിഴങ്ങു നീരും കുഴമ്പു പരുവത്തിലാക്കി മുഖത്തു തേച്ചു പിടിപ്പിക്കുകഉണങ്ങിയ ശേഷം കഴുകിക്കളയുക.
എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക്
മുള്‍ട്ടാണി മിട്ടി, വേവിച്ച ഓട്സ് ഇവ സമം എടുത്തു കുഴമ്പു രൂപത്തിലാക്കി കട്ടിയായി മുഖത്തിടുക. അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒരു തവണ ഇതു ചെയ്യാം. കാബേജ് ഇല നന്നായി അരച്ചു മുഖത്തു കട്ടിയില്‍ പുരട്ടുന്നതും എണ്ണമയം അകറ്റും.
കട്ടി കൂടിയ മുഖചര്‍മത്തിന്
ഓറഞ്ചു തൊലി ഉണക്കിപ്പൊടിച്ചത്: 2 ടേബിള്‍ സ്പൂണ്‍ വേവിച്ച ഓട്സ് :2 ടേബിള്‍ സ്പൂണ്‍, വെണ്ണ : ഒരു ടേബിള്‍ സ്പൂണ്‍, തേന്‍ : 2 തുള്ളി.
ഇവ കുഴമ്പു രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടുക. പത്തു മിനിട്ടു സമയം വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ചു മുഖം മസാജ് ചെയ്യുക. ചെറു ചൂടുവെള്ളത്തില്‍ കഴുകി ടവ്വല്‍ കൊണ്ടു വെള്ളം ഒപ്പിയെടുക്കുക. ആഴ്ചയില്‍ ഒരു തവണ ഈ ഫേഷ്യല്‍ ചെയ്യാം.
മുഖക്കുരു അകറ്റാന്‍
പുതിനയില അരച്ചത് : കാല്‍ ടീസ്പൂണ്‍, പച്ചക്കര്‍പ്പൂരം അരച്ചത് : കാല്‍ ടീസ്പൂണ്‍.
ഇവ രണ്ടും കുഴമ്പു രൂപത്തിലാക്കി ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പു മുഖത്തു പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഉറങ്ങുമ്പോള്‍ മുഖത്തിനു വിശ്രമം ലഭിക്കുന്നതു മൂലം അഴുക്ക് അടിയുകയില്ല.
മാസത്തില്‍ അഞ്ചോ ആറോ തവണ ഈ ഫേഷ്യല്‍ ചെയ്യാം.

വെയിലേറ്റു കറുത്ത ചര്‍മത്തിന്
നാരങ്ങാനീര്: ഒരു ടീസ്പൂണ്‍, മുന്തിരി നീര് : ഒരു ടീസ്പൂണ്‍.
ഉറങ്ങാന്‍ നേരം ഇവ ഒരുമിച്ചാക്കി മുഖത്തു പുരട്ടുക. രാവിലെ കഴുകി കളയാം. ഒരാഴ്ച ഇതു ചെയ്യണം.
മുഖത്തെ ചുളിവകറ്റാന്‍
വെള്ള കളിമണ്ണ്: ഒടു ടീസ്പൂണ്‍, തേന്‍ : ഒരു ടീസ്പൂണ്‍, കാരറ്റുനീര് : ഒരു ടീസ്പൂണ്‍, കസ്തൂരി മഞ്ഞള്‍പ്പൊടി: കുറച്ച്, വെളുത്തുള്ളി അരച്ചത് : ഒരു അല്ലി, മുട്ടയുടെ വെള്ളക്കരു : ഒരു മുട്ടയുടേത്.
മുട്ടവെള്ള അടിച്ചു പതപ്പിച്ച് അതില്‍ കാരറ്റു നീരും തേനും വെളുത്തുള്ളി അരച്ചതും കസ്തൂരി മഞ്ഞള്‍പ്പൊടിയും കളിമണ്ണും യോജിപ്പിക്കുക. ഇതു മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി ടവ്വല്‍ കൊണ്ടു വെള്ളം ഒപ്പിയെടുക്കുക.
ആഴ്ചയില്‍ ഒരു തവണ ഈ ഫേഷ്യല്‍ ചെയ്യണം.
മുഖത്തെ രോമം അകറ്റാന്‍
മോര്: ഒരു കപ്പ്, കസ്തൂരി മഞ്ഞള്‍പ്പൊടി : ഒരു ടേബിള്‍ സ്പൂണ്‍.
മോരില്‍ കസ്തൂരിമഞ്ഞള്‍പ്പൊടി കലക്കി തിളപ്പിക്കുക. തണുത്ത ശേഷം മുഖത്തുപുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകി വെള്ളം ഒപ്പിയെടുക്കുക.
ഇതു പതിവായി ചെയ്യുന്നത് ഏറെ പ്രയോജനം ചെയ്യും.

ഫംഗസ് രോഗമകറ്റാന്‍
മാതളനാരങ്ങയുടെ തൊലി പൊടിച്ചത് : ആവശ്യത്തിന് നാരങ്ങനീര് : ഒരുടീസ്പൂണ്‍ വെള്ളരിക്കനീര് : ഒരു ടീസ്പൂണ്‍ കാരറ്റ് നീര് : ഒരു ടീസ്പൂണ്‍
നാരങ്ങയുടെയും വെള്ളരിക്കയുടെയും കാരറ്റിന്റെയും നീര് കൂട്ടിക്കലര്‍ത്തി അതില്‍ മാതളനാരങ്ങയുടെ തൊലി പൊടിച്ചതു ചേര്‍ത്തു കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയുക.
ഏതു തരം ഫംഗസ് ബാധയില്‍ നിന്നും മുഖചര്‍മത്തെ രക്ഷിക്കാന്‍ ഈ ഫേഷ്യലിനു കഴിയും.
പ്രായം കൊണ്ടുള്ള ചുളിവിന്
കറുത്ത മുന്തിരിങ്ങ: ഒരു കുല, പടിക്കാരം: ഒരു ടീസ്പൂണ്‍, കറിയുപ്പ്: അര ടീസ്പൂണ്‍.
ഞെട്ടുള്‍പ്പെടെ മുന്തിരങ്ങ വെള്ളത്തിലിട്ട് അടച്ചു വേവിക്കുക.
വെന്തു കഴിയുമ്പോള്‍ ഉപ്പും പടിക്കാരവും ചേര്‍ത്തിളക്കി ചൂടു മാറിയ ശേഷം മുഖത്തു പുരട്ടുക. പതിനഞ്ചു മിനിട്ടു കഴിഞ്ഞു തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ മൂന്നു തവണ ഈ ഫേഷ്യല്‍ ചെയ്യാം.
മുഖം മൃദുലമാകാന്‍
ഓറഞ്ചു നീര് : ഒരു ടീസ്പൂണ്‍, കാരറ്റു നീര് : ഒരു ടീസ്പൂണ്‍, നാരങ്ങനീര് : ഒരു ടീസ്പൂണ്‍, ഒലിവ് ഓയില്‍ : ഒരു ടീസ്പൂണ്‍, തൈര് : അര ടീസ്പൂണ്‍, യീസ്റ്റ് : ഒരു ടേബിള്‍ സ്പൂണ്‍
ഇവ കുഴമ്പു രൂപത്തിലാക്കി മുഖത്തു കട്ടിയില്‍ പുരട്ടുക. പതിനഞ്ചു മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി വെള്ളം ഒപ്പിയെടുക്കുക.