അഖില സുരേഷ്
മുഖം തിളങ്ങാൻ പലരും ഉപയോഗിക്കുന്ന ഒരു മാർഗമാണ് ബ്ലീച്ചിങ്. മുഖത്തിന്റെ കരുവാളിപ്പ് മാറ്റാൻ ബ്ലീച്ചിങ് സഹായിക്കും. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ബ്ലീച്ചുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് മുഖചർമത്തിനു ദോഷം ചെയ്യും. ഈ പ്രശ്നത്തിനു പരിഹാരം ഹോം മെയ്ഡ് ബ്ലീച്ചുകൾ തന്നെ. പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് തയാറാക്കുന്ന ഇത്തരം ബ്ലീച്ചുകൾ ഉപയോഗിക്കാനും സുരക്ഷിതമാണ്. വീട്ടിൽ തന്നെ ലളിതമായി ചെയ്യാവുന്ന ഹോം മെയ്ഡ് ബ്ലീച്ചുകൾ പരിചയപ്പെടാം.
• നാരങ്ങാ നീര്, തക്കാളി പേസ്റ്റ്, മുൾട്ടാണി മിട്ടി എന്നിവ യോജിപ്പിച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. എണ്ണയമുള്ള ചർമമുള്ളവർക്ക് ഉത്തമം.
• പാൽപ്പാട, ഓട്സ് പൊടിച്ചത്, ക്യാരറ്റ് ജ്യൂസ് എന്നിവ യോജിപ്പിച്ച് പുരട്ടാം. വരണ്ട ചർമത്തിന് ഉത്തമം.

• തൈര്, മുൾട്ടാണി മിട്ടി, വെള്ളരിക്ക അരച്ചത് എന്നിവ യോജിപ്പിച്ച പായ്ക്ക് സാധാരണ ചർമം ഉള്ളവർക്ക് ഉപയോഗിക്കാം.
• കറ്റാർവാഴ ജ്യൂസ്, നാരങ്ങാ നീര് , തേൻ, കടലമാവ് എന്നിവ ചേർത്ത പായ്ക്ക് കോമ്പിനേഷൻ ചർമമുള്ളവർക്ക് ഉപയോഗിക്കാം.
• പച്ച പപ്പായ ഒരു കഷ്ണം അരച്ചെടുത്ത് , കൂടുതൽ തൈര് ചേർത്ത് , ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് പായ്ക്ക് തയാറാക്കാം. ഈ പായ്ക്കുകൾ ഇടുന്നതിനു മുൻപ് മുഖവും കഴുത്തും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം പുരട്ടുക. പായ്ക്ക് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് പായ്ക്കിനു പുറത്ത് വെള്ളം തൊട്ട് ഈർപ്പമുള്ളതാക്കിയ ശേഷം വിരലുകൾ കൊണ്ട് ലഘുവായി മസാജ് ചെയ്യാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇതു ചെയ്യാം.