അഖില സുരേഷ്
ട്രെൻഡ് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടികൾക്ക് സ്‌മോക്കി കണ്ണുകളോടുള്ള താല്പര്യത്തിന് ഒരു കുറവും വന്നിട്ടില്ല. പാർട്ടികളിൽ തിളങ്ങാൻ ഇപ്പോഴും സ്മോക്കി ഐ വേണമെന്ന് പലർക്കും നിർബന്ധമാണ്. പെർഫെക്ട് ആയി സ്മോക്കി ഐ ഇഫക്ട് കിട്ടാൻ ചില ടിപ്‌സുകൾ ഇതാ..
ഡാർക് ബ്രൗൺ, ന്യൂഡ് നിറങ്ങളിലെ ഐഷാ ഡോ ഉപയോഗിച്ചുളള സ്മോക്കി ഐ മേക്കപ്പ്
ഡാർക് ബ്രൗൺ ഷേഡിലെ ഐ ഷാഡോ അറ്റം ഉരുണ്ട ഒരു ബ്രഷ് കൊണ്ട് കൺപീലികളുടെ ഭാഗം മുതൽ കൺപോളയുടെ അവസാന ഭാഗം വരെ പുരട്ടുക. താഴത്തെ കൺപീലികളിലും മൃദുവായി ഈ ഷാഡോ പുരട്ടണം. ന്യൂഡ് അല്ലെങ്കിൽ ചർമത്തിന്റെ അതേ നിറത്തിലുളള ടോണിലെ ഐ ഷാഡോ പുരികത്തിനു തൊട്ടു താഴെ മുതൽ കൺപോള വരെ തുടങ്ങുന്നതു വരെയുളള ഭാഗത്തും എഴുതുക. സ്മജ് ബ്രഷ് ഉപയോഗിച്ചു കൺപോളയുടെ ഭാഗത്തും കണ്ണിനു താഴെയും നിറം പരത്തുക.
രണ്ടു നിറങ്ങളും നന്നായി കൂടിക്കലരണം. കൺപോളയ്ക്കു വേണ്ട നിറം കിട്ടിക്കഴിഞ്ഞാൽ കാജൽ ഐയ്ക്കൊപ്പം ഭംഗിയുളള കൺപീലികളും വേണം. ഐ ലാഷ് കേളർ ഉപയോഗിച്ചു കൺപീലികൾ കേൾ ചെയ്യുക. അതിനു ശേഷം ബ്രഷ് ഉപയോഗിച്ചു മസ്കാര എഴുതുക. ഇനി കൺപോളകൾക്കു കുറച്ചു തിളക്കം നൽകാം. ഷിമ്മറി ഹൈലൈറ്റർ ഐ ഷാഡോയ്ക്കു മുകളിൽ പുരട്ടാം.
കളർഫുൾ സ്മോക്കി ഐ
∙ നേവി ബ്ലൂ, പ്ലം, ഫോറസ്റ്റ് ഗ്രീൻ തുടങ്ങിയ നിറങ്ങളും ബ്രൗണിന്റെ പല ഷേഡിലുളള നിറങ്ങളും സ്മോക്കി ഐയ്ക്കു വേണ്ടി ഉപയോഗിക്കാം. രണ്ട് ഷേഡിലുളള ഐ ഷാഡോ ഉപയോഗിച്ചാൽ വ്യത്യസ്തമായ നിറങ്ങൾ ലഭിക്കും.
∙ പിങ്ക് പർപ്പിൾ നിറങ്ങളിലും ഈ ലുക് പരീക്ഷിക്കാം. നിറങ്ങളുടെ ധാരാളിത്തം ഇഷ്ടമില്ലെങ്കിൽ ഇഷ്ടമുളള ഷേഡിലെ ഷാഡോയും ബാക്കി ഭാഗത്തു ഹൈലൈറ്ററും പുരട്ടിയാൽ വ്യത്യസ്തമായ ലുക്ക് കിട്ടും.

∙ ഗ്ലോസി ലുക്കിലുളള കൺപോളയാണിപ്പോൾ ട്രെൻഡ്. സ്റ്റിക്കി ആയിട്ടുളള ലിപ് ഗ്ലോസ് കൺപോളയിൽ പുരട്ടുക. റണ്ണിയായ ഗ്ലോസ് പുരട്ടരുത്. അതു കണ്ണുകൾക്കകത്തു പോകാൻ സാധ്യതയുണ്ട്.
പാർട്ടി ലുക് സ്മോക്കി ഐ
∙ കണ്ണിന്റെ മൂലയിൽ നേരിയതായും അറ്റത്തെത്തുമ്പോൾ കട്ടിയിലും വേണം ഐ ലൈനറെഴുതേണ്ടത്. ഇനി ലിക്വിഡ് രൂപത്തിലുളള ഐ ലൈനർ കൺപോളയുടെ ഭാഗത്തു പരത്തുക. ഇതാണു സ്മോക്കി ലുക്. മൂക്കിന്റെ വശത്തേക്കു പരക്കാതെ ശ്രദ്ധിക്കണം. കണ്ണിന്റെ അറ്റത്താണു കൂടുതൽ കറുപ്പിക്കേണ്ടത്.
∙ പുരികത്തിനു താഴെയുളള ഭാഗം ഹൈലൈറ്റ് ചെയ്യണമെങ്കിൽ മാറ്റ് ന്യൂഡ് ഐഷാഡോ അണിയാം. സോഫ്റ്റ് സിൽവറോ അല്ലെങ്കിൽ ഗോൾഡ് ടോണിലുളളതോ ആയ നിറത്തിലുളള ഐഷാഡോ അണിയുന്നതും കൺപോളയ്ക്കു മുകളിലുളള ഭാഗത്തെ ആകർഷകമാക്കും.
∙ സ്മോക്കി ഐ സ്റ്റൈലിനൊപ്പം കടുംനിറത്തിലെ ലിപ്സ്റ്റിക് ഒഴിവാക്കുക. ന്യൂഡ്, ലൈറ്റ് പിങ്ക് നിറങ്ങളാണു നല്ലത്.
∙ ചുണ്ടുകളിൽ കടും നിറങ്ങളണിയുമ്പോൾ കണ്ണിൽ മസ്കാര യും കടും ബ്രൗൺ നിറത്തിലെ ഐലൈനർ അണിയാം.