ഒട്ടാവ : രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി പ്രത്യേക പ്രതിനിധിയെ നിയമിച്ചതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇസ്‌ലാമോഫോബിയ, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവയെ നേരിടാൻ മനുഷ്യാവകാശ പ്രവർത്തകയായ അമീറ എൽഗാവാബിയെയാണ് പ്രത്യേക പ്രതിനിധിയായി തിരഞ്ഞെടുത്തത്.
“ഇസ്‌ലാമോഫോബിയയ്‌ക്കും വിദ്വേഷത്തിനും എതിരായ പോരാട്ടത്തിലെ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ്” എൽഗവാബിയുടെ നിയമനമെന്ന് ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യത്തെ മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇസ്ലാമോഫോബിയ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരാനും ഈ നിയമനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
മുസ്ലീങ്ങൾക്കെതിരായ വംശീയതയും ആക്രമണങ്ങളും വർദ്ധിക്കുന്നതിനെ തുടർന്ന് 2021 ജൂണിൽ ഫെഡറൽ ഗവൺമെന്റ് സംഘടിപ്പിച്ച ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള ദേശീയ ഉച്ചകോടിയാണ് ഇസ്ലാമോഫോബിയ നേരിടാൻ പ്രതിനിധിയെ നിയമിക്കാൻ നിർദ്ദേശിച്ചത്.