സ്വവര്‍ഗരതി കുറ്റകരമല്ലെന്നും എന്നാല്‍ പാപമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അസോസിയറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്. സ്വവര്‍ഗാനുരാഗികള്‍ ആകുന്നത് കുറ്റമല്ല. പക്ഷേ, അത് പാപമാണ്. വിശ്വാസികള്‍ പാപത്തെയും കുറ്റകൃത്യത്തെയും തിരിച്ചറിയണമെന്ന് മാര്‍പാപ്പ പറഞ്ഞു.
സ്വവര്‍ഗാനുരാഗത്തെ കുറ്റകരമാക്കുന്ന നിയമങ്ങളെ ക്രൈസ്തവ ബിഷപ്പുമാരും പുരോഹിതരും പിന്തുണയ്ക്കരുത്. അമ്പതിലധികം രാജ്യങ്ങളില്‍ സ്വവര്‍ഗരതി കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്. ‘ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണ്. അതുകൊണ്ട് എല്ലാവരുടെയും അന്തസ്സിനായാണ് പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരുടെയും അന്തസ്സ് തിരിച്ചറിയാന്‍ ബിഷപ്പുമാര്‍ മാറ്റത്തിന്റെ പ്രക്രിയക്ക് വിധേയരാകണ’മെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വവര്‍ഗാനുരാഗികളുടെ പിന്തുണയ്ക്കുന്ന കൂട്ടായ്മകള്‍ മാര്‍പാപ്പയുടെ പ്രസ്താവനയെ ചരിത്രപരമാണെന്ന് വിശേഷിപ്പിച്ചു. ഹ്യൂമന്‍ ഡിഗ്നിറ്റി ട്രസ്റ്റിന്റെ അഭിപ്രായത്തില്‍, 67 രാജ്യങ്ങളില്‍ സ്വവര്‍ഗരതി കുറ്റകരമാണ്, ഇതില്‍ 11 രാജ്യങ്ങളില്‍ വധശിക്ഷ വരെ നല്‍കാനുള്ള നിയമങ്ങളുണ്ട്. അമേരിക്കയില്‍, 2003 ലെ സുപ്രീം കോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടും, ഒരു ഡസനിലധികം സംസ്ഥാനങ്ങളില്‍ ഇപ്പോഴും സ്വവര്‍ഗരതി വിരുദ്ധ നിയമങ്ങളുണ്ട്.