രാജ്യത്ത് വെള്ളപ്പൊക്കം മുതൽ കൊടുങ്കാറ്റുകൾ വരെയുള്ള കാലാവസ്ഥാ ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ഇൻഷ്വർ ചെയ്ത നാശനഷ്ടങ്ങൾ കഴിഞ്ഞ വർഷം 3.1 ബില്യൺ ഡോളറിലെത്തിയതായി ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ (ഐബിസി) റിപ്പോർട്ട്.
1 ബില്യൺ ഡോളർ നാശനഷ്ടമുണ്ടാക്കിയ, കഴിഞ്ഞ മെയ് മാസത്തിൽ ഒന്റാരിയോയിലും ക്യൂബെക്കിലുമായി ആഞ്ഞടിച്ച ഡെറെക്കോ കൊടുങ്കാറ്റാണ് ഏറ്റവും കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായ കാലാവസ്ഥാ ദുരന്തമെന്ന് ഐബിസി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 800 മില്യൺ ഡോളർ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയ ഫിയോണ ചുഴലിക്കാറ്റും പടിഞ്ഞാറൻ കാനഡയിൽ 300 മില്യൺ ഡോളർ നാശനഷ്ടങ്ങൾക്കിടയാക്കിയ വേനൽക്കാല കൊടുങ്കാറ്റും ഏറ്റവും ചെലവേറിയ മറ്റു കാലാവസ്ഥാ ദുരന്തങ്ങൾ ആണെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ പറയുന്നു.
“3.1 ബില്യൺ ഡോളറിന്റെ കണക്ക് ഭയാനകമാണെങ്കിലും, ഒരു ദുരന്ത സംഭവമോ ഏതെങ്കിലും പ്രത്യേക പ്രദേശമോ ഭൂരിഭാഗം നഷ്ടത്തിനും കാരണമായിട്ടില്ല,” ബ്യൂറോ കൂട്ടിച്ചേർത്തു. 2021-ൽ കാനഡയിലെ കടുത്ത കാലാവസ്ഥ, ഇൻഷ്വർ ചെയ്ത നാശനഷ്ടത്തിൽ മൊത്തം 2.1 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കി.

രാജ്യത്തെ കാലാവസ്ഥാ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനായി 2022 നവംബറിൽ, മുനിസിപ്പാലിറ്റികളിലും ടൗൺഷിപ്പുകളിലും പൊതു അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വെള്ളപ്പൊക്ക മാപ്പിംഗ് തുടങ്ങിയ പദ്ധതികൾ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി ഫെഡറൽ ഗവൺമെന്റ് 1.6 ബില്യൺ ഡോളർ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ “കമ്മ്യൂണിറ്റികളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കാനഡയിലെ ഉയർന്ന അപകടസാധ്യതയുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്കുള്ള വെള്ളപ്പൊക്കത്തിന്റെ ചെലവ് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമുള്ള വഴികളെക്കുറിച്ച് ഐബിസി ഫെഡറൽ, പ്രവിശ്യാ ഗവൺമെന്റുകളുമായി ചർച്ചകൾ തുടരുന്നുണ്ടെന്നും,” റിപ്പോർട്ട് പറയുന്നു.
വരും ദിവസങ്ങളിൽ പ്രോപ്പർട്ടി ഇൻഷുറൻസ് കൂടുതൽ ചെലവേറിയതായിരിക്കുമെന്ന് ഐബിസി വൈസ് പ്രസിഡന്റ് ക്രെയ്ഗ് സ്റ്റുവർട്ട് റിപ്പോർട്ടിൽ പറയുന്നു. കനേഡിയൻ ഗവൺമെന്റ് അതിന്റെ കാലാവസ്ഥാ നയം നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.