ഓട്ടവ : ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡയ്ക്ക് (ഐഇസി) കീഴിൽ ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ മൂന്ന് വിഭാഗങ്ങളിലായി 5354 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. വർക്കിംഗ് ഹോളിഡേ വീസ, യംഗ് പ്രൊഫഷണലുകൾ, ഇന്റർനാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) എന്നീ വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചിട്ടുള്ളത്.
ഇതിൽ, ഏറ്റവും വലിയ ഐഇസി വിഭാഗമായ വർക്കിംഗ് ഹോളിഡേ വീസ റൗണ്ടുകളിൽ ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ കഴിഞ്ഞ 2 ആഴ്‌ചയ്‌ക്കുള്ളിൽ 4,955 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. യംഗ് പ്രൊഫഷണലുകൾ വിഭാഗത്തിന് കീഴിൽ 316 അപേക്ഷകർക്ക് ക്ലോസ്ഡ് വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ നൽകിയപ്പോൾ, ഇന്റർനാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) വിഭാഗത്തിന് കീഴിൽ 83 ഇൻവിറ്റേഷൻ മാത്രമാണ് നൽകിയത്.

വർക്കിംഗ് ഹോളിഡേ വീസയ്ക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള യോഗ്യരായ 33 രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് 15,819 സ്പോട്ടുകൾ ഇപ്പോഴും ലഭ്യമാണ്. യംഗ് പ്രൊഫഷണലുകൾ വിഭാഗത്തിൽ 1,527 സ്പോട്ടുകളും ഇന്റർനാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) വിഭാഗത്തിൽ യോഗ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള ബിരുദധാരികൾക്കായി 815 സ്പോട്ടുകളും ലഭ്യമാണ്.
ഏറ്റവും പുതിയ IRCC പ്രോസസ്സിംഗ് സമയ അപ്‌ഡേറ്റ് പ്രകാരം IEC 2023 സീസൺ പ്രോസസ്സിംഗ് സമയം 9 ആഴ്ചയാണ്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കളെ കാനഡയിൽ താൽക്കാലികമായി താമസിക്കാനും ജോലി ചെയ്യാനും പ്രാപ്തരാക്കുന്ന പ്രോഗ്രാമാണ് ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (ഐഇസി). IEC പ്രോഗ്രാമുകളിലൊന്ന് വിജയകരമായി പൂർത്തിയാക്കുന്ന വിദേശ പൗരന്മാർക്ക് LMIA സമർപ്പിക്കാതെ തന്നെ കനേഡിയൻ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാൻ സാധിക്കും.