ഓട്ടവ : ഫെഡറൽ പാർലമെന്റ് വീണ്ടും ചേരുന്നതിന് മുമ്പ് എല്ലാവർക്കും സ്ഥിരതാമസ പദവി ലഭിക്കുന്നതിനായി ഔദ്യോഗിക രേഖകളില്ലാത്ത ആളുകളും വിദ്യാർത്ഥികളും അഭയാർത്ഥികളും ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ ഞായറാഴ്ച കാനഡയിലുടനീളം മാർച്ച് നടത്തി.
ടൊറൻ്റോയിൽ, കുടിയേറ്റക്കാരും അനുഭാവികളും യങ്, ഡണ്ടാസ് സ്ട്രീറ്റുകൾ ഉൾപ്പെടെ ഡൗൺടൗണിലുടനീളം പ്രതിഷേധ പ്രകടനം നടത്തി. എല്ലാ കുടിയേറ്റക്കാർക്കും അനധികൃത കുടിയേറ്റക്കാർക്കും സ്ഥിരതാമസ പദവി നൽകുന്ന അൺക്യാപ്ഡ് പ്രോഗ്രാംആരംഭിക്കണമെന്ന് പ്രതിഷേധക്കാർ സർക്കാരിനോട് അഭ്യർത്ഥിച്ചു.

കാനഡയിൽ സ്ഥിരതാമസത്തിനുള്ള വ്യക്തമായ വഴികളില്ലാത്ത താൽക്കാലിക പഠനമോ വർക്ക് പെർമിറ്റോ ഉള്ള 1.7 ദശലക്ഷം ആളുകൾ ഉണ്ടെന്ന് മൈഗ്രന്റ് വർക്കേഴ്‌സ് അലയൻസ് ഫോർ ചേഞ്ച് ഓർഗനൈസർ സരോം റോ പറയുന്നു. സ്ഥിര താമസ പദവിയില്ലാതെ, രേഖകളില്ലാത്ത ആളുകൾ ജോലിസ്ഥലത്ത് വൻ ചൂഷണം നേരിടുന്നുണ്ടെന്നും സരോം റോ ചൂണ്ടിക്കാണിക്കുന്നു. ഇവർക്ക് വൈദ്യചികിത്സ നിഷേധിക്കപ്പെടുന്നു. കൂടാതെ നാടുകടത്തലിന്റെ ഭയത്തിലും കുടുംബത്തെ വേർപിരിഞ്ഞു ജീവിക്കുന്നതിന്റെ വേദനയും ഇവർ അനുഭവിക്കുന്നതായി സരോം റോ പറയുന്നു.
എല്ലാ കുടിയേറ്റക്കാർക്കും രേഖകളില്ലാത്ത വ്യക്തികൾക്കും യാതൊരു ഒഴിവാക്കലുകളും കൂടാതെ സ്ഥിര താമസ പദവി വാഗ്ദാനം ചെയ്യുന്ന പരിധിയില്ലാത്ത പുതിയ പ്രോഗ്രാം ആരംഭിക്കുന്നതിലൂടെ ഇത്തരം ആളുകളെ സംരക്ഷിക്കാൻ ഫെഡറൽ ഗവൺമെന്റ് തയ്യാറാകണമെന്നും സരോം റോ അഭ്യർത്ഥിച്ചു.