കിരൺ തോമസ്
ഇന്ത്യൻ മണ്ണിൽ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫി നാലാം ടെസ്റ്റ് മത്സരം അവസാനിക്കുന്നതിന് മുൻപേ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ. ക്രസ്റ്റ്ചർച്ചിൽ നടന്ന ന്യൂസിലാണ്ട് – ശ്രീലങ്ക മത്സരത്തിൽ ശ്രീലങ്ക പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം സാധ്യമായത്. ഇനിയുള്ള മത്സരങ്ങളുടെ ഫലങ്ങൾ ടെസ്റ്റ് ചാമ്പ്യഷിപ് ഫൈനലിലേക്ക് മറ്റാർക്കും അവസരം ഒരുക്കില്ല.
അവസാന ഓവർ ത്രില്ലെറിലേക്ക് കടന്ന മത്സരത്തിലാണ് ന്യൂസിലണ്ട് ശ്രീലങ്കയെ തോൽപ്പിക്കുന്നത്. അവസാന ദിവസം 9 വിക്കറ്റ് ബാക്കി നിൽക്കെ 249 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലാണ്ടിന് മഴകാരണം ആദ്യ സെഷൻ പൂർണ്ണമായി നഷ്ടപ്പെട്ടപ്പോൾ 53 ഓവർ മാത്രം ആയി ബാലൻസ്, എന്നാൽ വിജയം എന്ന റിസൾട്ടിൽ തന്നെ ഉറച്ച് നിന്നു പൊരുതിയപ്പോൾ ന്യൂസിലാണ്ടിന് സാധ്യമായത് 2 വിക്കറ്റിന്റെ വിജയം. ഒരു ഘട്ടത്തിൽ ആറോവറിൽ 44 റൺസ് ആവശ്യമായിരുന്നു. അവസാന ഓവറിൽ 8 റൺസും. വില്യംസൺ നാലാം പന്തിൽ ഫോർ നേടി ടൈ ആക്കി. അവസാന പന്തിൽ ബൈ റൺസ് വഴി വിജയത്തിലെത്തുകയായിരുന്നു.

അതേസമയം ബോർഡർ–ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം സമനിലയില്‍ പിരിഞ്ഞു. അഞ്ചാം ദിനമായ ഇന്ന് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഇതോടെ പരമ്പര 2–1ന് ഇന്ത്യ കരസ്ഥമാക്കി. ആദ്യ രണ്ടു ടെസ്റ്റുകൾ വിജയിച്ച ഇന്ത്യ ബോർഡർ– ഗാവസ്കർ ട്രോഫി നേരത്തേ നിലനിർത്തിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും ഏറ്റുമുട്ടും. ജൂൺ ഏഴു മുതൽ 11 വരെ ലണ്ടനിലെ ഓവലിലാണ് ലോക ചാംപ്യൻഷിപ് പോരാട്ടം.