ഓട്ടവ : ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാര കരാർ ചർച്ചകള്‍ക്കായുള്ള ഇന്ത്യൻ സന്ദർശനം മാറ്റിവെച്ചതായി ഫെഡറൽ ട്രേഡ് മിനിസ്റ്റർ മേരി എൻജി അറിയിച്ചു. ഖാലിസ്ഥാൻ വിഷയങ്ങളിലടക്കം ഇന്ത്യ-കാനഡ ബന്ധം വഷളായ സാഹചര്യത്തിലാണ് ഇന്ത്യയിലേക്കുള്ള വ്യാപാര ദൗത്യം മാറ്റിവയ്ക്കുന്നതെന്ന് മന്ത്രിയുടെ വക്താവ് ശാന്തി കോസെന്റിനോ പറഞ്ഞു.
പ്രവിശ്യകളിൽ നിന്നുള്ള നേതാക്കളുമായി മുംബൈയിലേക്ക് അഞ്ച് ദിവസത്തെ “ടീം കാനഡ” വ്യാപാര ദൗത്യത്തിനായി ഒക്ടോബർ 9-ന് ഇന്ത്യ സന്ദർശിക്കാൻ തയ്യാറെടുക്കകയായിരുന്നു മിനിസ്റ്റർ മേരി എൻജി.

ഇന്ത്യയിൽ സ്വന്തം സംസ്ഥാനം രൂപീകരിക്കാൻ ആഗ്രഹിക്കുന്ന കാനഡയിലെ സിഖ് വിഘടനവാദികളെക്കുറിച്ച് കഴിഞ്ഞ വാരാന്ത്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ത്യയ്ക്കെതിരെ കാനഡയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജി 20 ഉച്ചകോടിക്കായി ഇന്ത്യയിൽ എത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ആശങ്ക അറിയിച്ചിരുന്നു. കൂടാതെ കാനഡ, യു കെ അടക്കം നിരവധി രാജ്യങ്ങളിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ വർഗീയത വളർത്തുന്ന പ്രവർത്തനങ്ങൾ വർദ്ധിച്ച് വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജി20 ഉച്ചകോടിക്കിടെ നിരവധി ലോകനേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയ മോദി ട്രൂഡോയുമായി കൂടിക്കാഴ്ച നടത്താതിരുന്നതും ശ്രദ്ധേയമായിരുന്നു.

ഖാലിസ്ഥാന്‍ വാദികളെ പിന്തുണയ്ക്കുന്ന കനേഡിയന്‍ നയത്തിനെതിരെയുളള പ്രതിഷേധമായായായിരുന്നു ഈ അവഗണയെന്നാണ് സൂചന. ഖാലിസ്ഥാന്‍ വാദികളെ പിന്തുണയ്ക്കുന്ന കാനേഡിയന്‍ നയത്തെ വിമർശിച്ച ഇന്ത്യ, കാനഡയിലെ ഖാലിസ്ഥാന്‍ വാദികളുടെ ഇന്ത്യവിരുദ്ധ നീക്കത്തില്‍ കടുത്ത ആശങ്കയും രേഖപ്പെടുത്തി. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും ഭീഷണി സൃഷ്ടിക്കുകയാണ് ഇക്കൂട്ടരെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇരുരാജ്യങ്ങളിലും തമ്മിലുള്ള ബന്ധം ഊഷ്മളമായി മുന്നോട്ട് കൊണ്ടുപോകാന്‍ പരസ്പര ബഹുമാനവും വിശ്വാസവും അത്യാവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കി.
എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തെയും പ്രതിഷേധിക്കാനുള്ള അവകാശത്തെയും മാനിക്കുന്ന രാജ്യമാണ് കാനഡ എന്നായിരുന്നു ഇതു സംബന്ധിച്ച് ട്രൂഡോയുടെ പ്രതികരണം. ഒരുവിഭാഗം ആളുകളുടെ പ്രവൃത്തികൾ ഒരുസമൂഹത്തിന്റെ മുഴുവൻ വികാരമായി കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.