ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന്റെ അനുഭാവികള്‍ യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നേരെ അതിക്രമം നടത്തിയതിന് പിന്നാലെ യുഎസിലും അതിക്രമം. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ച് ഖലിസ്ഥാന്‍ അനുകൂലികള്‍.
കോണ്‍സുലേറ്റില്‍ എത്തിയ ഒരു കൂട്ടം ആളുകള്‍ ഗ്ലാസ് ഡോറുകളും വാതിലുകളും അടിച്ചു തകര്‍ക്കുകയായിരുന്നു. കൂടാതെ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ‘ഫ്രീ അമൃത്പാല്‍’ എന്ന് വലുതായി എഴുതുകയും കെട്ടിടത്തിനു മുകളില്‍ ഖലിസ്ഥാന്‍ പതാക പാറിക്കുകയും ചെയ്തു.
ആക്രമണത്തിന്റെ വിവിധ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിനായി നടത്തുന്ന തിരച്ചിലില്‍ പ്രതിഷേധിച്ചാണ് വിവിധയിടങ്ങളില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിടുന്നത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസിനു മുന്നില്‍ ഇന്ത്യയുടെ ദേശീയപതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതില്‍ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചിരുന്നു.