ഓട്ടവ : തുടർച്ചയായ രണ്ടാം മാസവും, കാനഡയുടെ പണപ്പെരുപ്പ നിരക്ക് ഉയർന്നതോടെ കൂടുതൽ പലിശനിരക്ക് വർധനയ്ക്കുള്ള സാധ്യത പ്രവചിച്ച് സാമ്പത്തിക വിദഗ്ധൻ.
തുടർച്ചയായ പണപ്പെരുപ്പ നിരക്ക് വർധന മോശം വർധനയാണെന്നും വരാനിരിക്കുന്ന പലിശനിരക്ക് വർധനയ്ക്ക് ജനങ്ങൾ തയ്യാറെടുക്കണമെന്നും കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ഡേവിഡ് മക്‌ഡൊണാൾഡ് മുന്നറിയിപ്പ് നൽകി. എന്നാൽ, വർദ്ധിച്ചുവരുന്ന പലിശ നിരക്ക് സമ്പദ്‌വ്യവസ്ഥയുടെ ചില മേഖലകളിൽ പണപ്പെരുപ്പം കുറച്ചതായി അദ്ദേഹം പറയുന്നു. എന്നാൽ, പ്രത്യേകിച്ച് വാടക, റിയൽ എസ്റ്റേറ്റ് വിപണികളിലെ ഉയർന്ന നിരക്കുകൾ നാണയപ്പെരുപ്പം ഉയർത്തുന്നതിന് കാരണമായതായി ഡേവിഡ് മക്‌ഡൊണാൾഡ് കൂട്ടിച്ചേർത്തു.

കാനഡയിലെ വീടുകളുടെ വാടക വർഷം തോറും 6.5 ശതമാനം വർധന രേഖപ്പെടുത്തിയതായി മക്‌ഡൊണാൾഡ് പറയുന്നു. കുറഞ്ഞത് 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാടക വർധനവാണിതെന്നും അദ്ദേഹം പറഞ്ഞു.
2022 മാർച്ച് മുതൽ ബാങ്ക് ഓഫ് കാനഡ അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് സ്ഥിരമായി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഭവനവായ്പ ഉള്ള വീട്ടുടമസ്ഥരെ, പ്രത്യേകിച്ച് പുതുക്കാൻ ആഗ്രഹിക്കുന്നവരോ വേരിയബിൾ റേറ്റ് ഉള്ളവരോ ആയവരിൽ ഇത് വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് മക്ഡൊണാൾഡ് പറയുന്നു.

പണപ്പെരുപ്പം കുറയ്ക്കുക എന്നത് ബാങ്ക് ഓഫ് കാനഡയുടെ “പ്രാഥമിക ലക്ഷ്യം” ആണെന്നും അതിനാൽ പലിശനിരക്ക് വർധന പ്രതീക്ഷിക്കണമെന്നും ഡേവിഡ് മക്‌ഡൊണാൾഡ് മുന്നറിയിപ്പ് നൽകുന്നു.
പ്രധാനമായും പെട്രോൾ വില വർധിച്ചതോടെ കാനഡയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയിലെ 3.3 ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാസം നാല് ശതമാനമായി ഉയർന്നു.