ഇന്ന് നടന്ന ഈ വർഷത്തെ രണ്ടാമത്തെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 507 എന്ന ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള 5,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം (FSWP), ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം (FSTP) എന്നിവയിൽ നിന്ന് യോഗ്യരായ ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ബിൽ C-19-ന് കഴിഞ്ഞ ജൂണിൽ അനുമതി ലഭിച്ചതു മുതൽ, എക്സ്പ്രസ് എൻട്രി പ്രോഗ്രാമുകളിലെ ഉദ്യോഗാർത്ഥികൾക്കായി പുതിയ നറുക്കെടുപ്പ് കാറ്റഗറി സൃഷ്ടിക്കുമെന്ന് IRCC വ്യക്തമാക്കി. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റത്തിലെ (സിആർഎസ്) ഉയർന്ന സ്‌കോറിനെ മാത്രം അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകുന്ന നിലവിലെ രീതിയിൽ നിന്നുള്ള ഒരു പ്രധാന വ്യതിയാനമാണിത്. ഉദ്യോഗാർത്ഥിയുടെ തൊഴിൽ, പ്രവൃത്തിപരിചയം, വിദ്യാഭ്യാസം, ഭാഷാ കഴിവുകൾ എന്നിവയെ അടിസ്ഥാനമാക്കി യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും നിലവിലുള്ള എക്‌സ്‌പ്രസ് എൻട്രി ആപ്ലിക്കേഷൻ മാനേജ്‌മെന്റ് സിസ്റ്റത്തിന് കീഴിൽ അപേക്ഷിക്കാൻ സാധിക്കും.
രാജ്യത്തെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ എക്‌സ്‌പ്രസ് എൻട്രി വഴി സ്ഥിരതാമസക്കാരാക്കാൻ സഹായിക്കുന്നതിന് സൃഷ്‌ടിക്കാനുള്ള സാധ്യതയുണ്ടെന്ന് ഐആർസിസി വ്യക്തമാക്കി. പ്രത്യേകിച്ചും വിദ്യാർത്ഥി ഒരു നിയുക്ത പഠന സ്ഥാപനത്തിൽ നിന്ന് ബിരുദമോ ഡിപ്ലോമയോ നേടിയിട്ടുണ്ടെങ്കിൽ സ്ഥിരതാമസക്കാരാക്കാൻ സാധ്യത വർധിക്കും. സമാന കാരണങ്ങളാൽ താൽക്കാലിക താമസക്കാരെ ഒരു പ്രത്യേക കാറ്റഗറിയായി പരിഗണിക്കുമെന്നും ഐആർസിസി പറയുന്നു. ഫ്രഞ്ച് സംസാരിക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകുന്നതും IRCC പരിഗണിക്കുന്നുണ്ട്. ഇത് ഫ്രഞ്ച് സംസാരിക്കുന്നവർക്കും ദ്വിഭാഷാ ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ ഇൻവിറ്റേഷൻ ലഭിക്കും.
എക്സ്പ്രസ് എൻട്രി
ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം എന്നീ മൂന്ന് ഇമിഗ്രേഷൻ പാതകളിലൊന്നിലൂടെ വിദഗ്ധ തൊഴിലാളികൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാവുന്ന ഒരു സംവിധാനമാണ് എക്‌സ്പ്രസ് എൻട്രി.
നിലവിൽ, ഈ പ്രോഗ്രാമുകളിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് CRS ഉപയോഗിച്ച് ഒരു സ്കോർ നൽകുന്നു. ഏറ്റവും ഉയർന്ന സ്കോറുള്ളവർക്ക് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നു.