ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് വികസിപ്പിച്ച് ജാപ്പനീസ് കമ്പനി.
XTURISMO ഫ്‌ലൈയിംഗ് ബൈക്ക് അഥവാ ഹോവര്‍ബൈക്ക് വികസിപ്പിച്ചെടുത്തത് ALI ടെക്‌നോളജീസാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും അരമണിക്കൂറോളം വട്ടമിട്ട് പറക്കാനും കഴിയും. ഫുജിയിലെ റേസിംഗ് ട്രാക്കില്‍ നിന്നുളള ഡെമോണ്‍സ്‌ട്രേഷന്‍ ഫ്‌ലൈറ്റ് വീഡിയോ കമ്പനി പുറത്തിറക്കി.

ഒക്ടോബര്‍ 26 മുതല്‍ XTURISMO ലിമിറ്റഡ് എഡിഷന്റെ ബുക്കിംഗ് ALI ടെക്നോളജീസ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഈ പറക്കും ബൈക്കുകളുടെ 200 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി നിര്‍മ്മിക്കുന്നത്. XTURISMO പറക്കും ബൈക്കിന്റെ ഭാരം ഏകദേശം 300 കിലോയാണ്. 3.7 മീറ്റര്‍ നീളവും 2.4 മീറ്റര്‍ വീതിയുമുളള ബൈക്കിന് 1.5 മീറ്റര്‍ ഉയരവുമുണ്ട്. നിലവില്‍ ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന ബൈക്കിന് 30 മുതല്‍ 40 മിനിറ്റ് വരെയാണ് സഞ്ചാര സമയം.
XTURISMO ലിമിറ്റഡ് എഡിഷന്റെ വില നികുതിയും ഇന്‍ഷുറന്‍സ് പ്രീമിയവും ഉള്‍പ്പെടെ 77.7 ദശലക്ഷം യെന്‍ അഥവാ ഏകദേശം 5.10 കോടി രൂപയാണ്. 2025ഓടെ ഈ പറക്കും ബൈക്കിന്റെ പൂര്‍ണ വൈദ്യുത പതിപ്പ് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അപകടങ്ങള്‍ ഒഴിവാക്കാനായി ബൈക്കില്‍ 3ഡി കണ്‍ട്രോള്‍ സംവിധാനങ്ങള്‍, എയര്‍ റൂട്ട് ഡിസൈനുകള്‍, മാപ്പിംഗ് കണ്‍ട്രോളുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആകാശത്ത് സഞ്ചരിക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങള്‍ മുന്നില്‍ പെട്ടാല്‍ അത് കണ്ടെത്തുന്നതിനുള്ള സെന്‍സറുകളും വാഹനത്തില്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ ഓരോ ഡ്രൈവര്‍മാര്‍ക്കും വാഹനത്തിന്റെ നിലവിലെ ഹെല്‍ത്തും പൊസിഷനും മനസ്സിലാക്കുന്നതിനായി ഒരു ഡെഡിക്കേറ്റഡ് ആപ്ലിക്കേഷനും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. 555,000 യു.എസ് ഡോളര്‍ ഏകദേശം 45805620.75 ഇന്ത്യന്‍ രൂപക്കാണ് ഇപ്പോള്‍ വാഹനം വില്‍പ്പനക്കെത്തിയിരിക്കുന്നത്.